തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്.
മെയ് 8നു ന്യൂനമർദമായും മെയ് ഒൻപതോടെ തീവ്രന്യൂനമർദമായും ഇത് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യബംഗാൾ ഉൾക്കടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്നും മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ എറണാകുളം, വയനാട്, ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.