കൊച്ചി: 'ദ കേരള സ്റ്റോറി' കേരളത്തിലെ തിയേറ്ററുകളില്‍ ചലനമുണ്ടാക്കിയില്ലെന്ന് ഉടമകള്‍. പ്രദര്‍ശനത്തിന് തയ്യാറായ തിയറ്ററുകള്‍ പലതും പിന്മാറി. ഓണ്‍ലൈനായി സീറ്റുകള്‍ ബുക്ക് ചെയ്തിരുന്ന അത്രയും കാണികള്‍ തിയറ്ററിലേക്ക് എത്തിയില്ല. വിവാദസിനിമ എന്ന പേരിലാണ് കുറച്ചുപേരെങ്കിലും എത്തിയതെന്നും രണ്ടുദിവസത്തിനുള്ളില്‍ അതും അവസാനിക്കുമെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.
സിനിമയുണ്ടാക്കിയ വിവാദത്തിന് അനുസരിച്ച് കാണികളുടെ ഒഴുക്ക് ദൃശ്യമായില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിക്കാന്‍ തിയറ്ററുകള്‍ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 30 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനിരുന്നത് 21 ആയി ഒതുങ്ങി. കൊച്ചി, തിരുവനന്തപുരം ലുലു മാളുകളിലെ പി.വി.ആറില്‍ പ്രദര്‍ശനം വേണ്ടെന്നുവച്ചു. കൊച്ചിയില്‍ മൂന്ന് തിയറ്ററുകളില്‍ ദ കേരള സ്റ്റോറിയുടെ രണ്ടുവീതം പ്രദര്‍ശനമാണുള്ളത്. മാളുകളില്‍, സെന്റര്‍ സ്ക്വയറില്‍മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. പിറവം ദര്‍ശന തിയറ്ററില്‍ ഒരു പ്രദര്‍ശനം തീരുമാനിച്ചെങ്കിലും കാണികളില്ലാതെ റദ്ദാക്കി. ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത അത്രയും കാണികള്‍ സിനിമ കാണാന്‍ എത്തിയില്ലെന്ന് നഗരത്തിലെ തിയേറ്ററുടമ പറഞ്ഞു.
കാണികളില്ലെങ്കില്‍ മറ്റ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കൊച്ചി ഷേണായീസ് തിയറ്ററിലേക്ക് മുസ്ലിം സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായതൊഴിച്ചാല്‍ മറ്റെവിടെയും പ്രശ്നങ്ങളുണ്ടായില്ല.