നാദാപുരം: എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള ഓട്ടുപാത്രങ്ങൾ കവർന്നു. എടച്ചേരി - ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചത്.
ഒരു ലക്ഷത്തിലധികം രൂപയിലധികം വില പാത്രങ്ങളാണിത്. 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങൾ വിലയുള്ള നിരവധി ഓട്ടുപാത്രങ്ങളും, കിണ്ടികളും, തളികകളുമാണ് മോഷണം പോയത്.
പുരാതന വസ്തുക്കളെല്ലാം സൂക്ഷിച്ച മുറിയുടെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ആൾ താമസമില്ലാത്ത വീട്ടിൽ ബന്ധുക്കളെത്തിയപ്പോഴാണ് മോഷണം വിവരമറിഞ്ഞത്. തുടർന്ന് എടച്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു. വടകര നിന്നെത്തിയ കെ 9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് റെയ്ഞ്ചർ മോഷണം നടന്ന മുറിയിൽനിന്ന് മണം പിടിച്ച് പറമ്പിലൂടെ ഓടി റോഡരികിൽ വന്നു നിന്നു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.