കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് മില്ലി ഗ്രാം ബ്രൗൺഷുഗറുമായി പതിവായി ലഹരി മരുന്ന് വിൽക്കുന്ന യുവാവ് പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ( 26)നെയാണ് ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌ക്വാഡും കസബ പോലീസും ചേർന്ന് മാങ്കാവിൽ നിന്നു പിടികൂടിയത്.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ച് സാഹസികമായാണ് കീഴ്പ്പെടുത്തിയത്. ഡാൻസഫ് സ്ക്വാഡിനു ലഭിച്ച രഹസ്യ രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ ഇൻസ്‌പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസബ പോലീസും ഡാൻസഫ് സ്ക്വാഡും നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്.
പ്രതി പതിവായി കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിൽ നിന്നുമാണ് ലഹരി മരുന്നെത്തിക്കുന്നത്. സമാന കേസിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. പോലീസിനെ ആക്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, സീനിയർ സിപിഒ അഖിലേഷ്, സിപിഒമാരായ സുനോജ് കാരയിൽ, ജിനേഷ് ചൂലൂർ, അർജുൻ, കസബ സബ് ഇൻസ്‌പെക്ടർ ജഗത് മോഹൻ ദത്ത്, ദിവ്യ, സി.പി.ഒമാരായ ബനീഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.