തിരുവനന്തപുരം: ശമ്പളവിതരണം വീണ്ടും വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ബി.എം.എസ്. യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും.
ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകും വരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി. മാനേജുമെന്‍റിലെ തെമ്മാടികൂട്ടങ്ങളെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സി.ഐ.ടി.യു. ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്‍റിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നലെ ചീഫ് ഓഫീസീനു മുന്നില്‍ സമരം തുടങ്ങി.
കെ.എസ്.ആർ.ടി.സിയില്‍ കെൽട്രോണ്‍ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്ന് ഐ.എൻ.ടി.യു .സി . ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകളുടെ നേതൃത്വം തൊഴിലാളികളോട് ഉത്തരവാദിത്തം കാണിക്കണമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം. നിലവിൽ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്.