2018ല്‍ കേരളത്തെ പിടിച്ചുലച്ച ദുരന്തമാണ് പ്രളയം. സംഭവത്തെ ആസ്പദമാക്കിയുള്ള ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമ നല്ല അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്. പ്രളയ പശ്ചാത്തലത്തിലെടുത്ത സിനിമയായതിനാല്‍ ഷൂട്ടിങ് സമയത്ത് നേരിടേണ്ടി വന്ന ചില അനുഭവങ്ങളെക്കുറിച്ച ക്ലബ് എഫ്.എമ്മിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം അഭിനയിച്ച ആസിഫ് അലി.
ഒരുപാടാളുകള്‍ നമ്മളെക്കൂടാതെ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സീനുകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു വയസുള്ള കുട്ടിയെ രക്ഷിക്കുന്ന സീനുണ്ട്. ആ കുട്ടി മഴ നനയുന്നുണ്ട്. ആ കുഞ്ഞിനെ മഴ നനയിക്കരുതെന്നും ഉറക്കം കളയരുതെന്നുമൊക്കെ നമുക്ക് ആഗ്രഹമുണ്ട്. കരയാതെ നോക്കുകയും വേണം. എന്നാല്‍, അതൊന്നും നടക്കില്ല. കുട്ടിയെ മഴയത്തു തന്നെ കൊണ്ടുപോകണം. അത്രയ്ക്കും ഒറിജിനലായിട്ടാണ് സിനിമയിലെ രംഗങ്ങള്‍ എടുത്തിരിക്കുന്നത്.
ഫസ്റ്റ് ഫ്‌ളോര്‍ വരെ വെള്ളം കയറുന്ന ഒരു വീടിന്റെ ടെറസില്‍ ഞാന്‍ ബോട്ടുമായി വന്നുനിന്നു. കുട്ടിയുടെ അച്ചനും അമ്മയും തന്നെയാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. ആ കുഞ്ഞ് മറ്റാരുടെയും കൈയില്‍ പോകുകയുമില്ലായിരുന്നു. അമ്മയും കുഞ്ഞിനെയും എന്റെ കൈകളില്‍ തരുമ്പോള്‍ യഥാര്‍ത്ഥ പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന ഭയമുണ്ടായി.
സിനിമയുടെ ഷൂട്ടിങ്ങാണ്, താഴെ വെള്ളമാണ്, എന്റെ നേര്‍ക്കാണ് കുട്ടിയെ തരുന്നത്, ഞാന്‍ എത്രത്തോളം കുട്ടിയെ നോക്കുമെന്ന് അറിയില്ലല്ലോ. ആ അമ്മയുടെ മുഖത്തെ ഭയം ഞാന്‍ കണ്ടു. ഒരുപാട് ആളുകള്‍ ഈ സിനിമയില്‍ ഞങ്ങളെക്കാളേറെ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പല സീനുകളും ഒളിജിനലാണ്. അതുകൊണ്ടുതന്നെ ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നും ആസിഫ് പറയുന്നു.