തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ ഫാന്‍സി കടയില്‍ ഒരു വയസുകാരിയുടെ കാലില്‍ കിടന്ന സ്വര്‍ണ്ണക്കൊലുസ് കവര്‍ന്ന കേസിൽ പ്രതിയായ യുവതി പിടിയില്‍.
അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂര്‍ക്കാവ് കുണ്ടമണ്‍കടവ് വാടകയ്ക്ക് താമസിക്കുന്ന ശ്രീലത(45)യാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട്ട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ സ്വകാര്യ ഫാന്‍സി കടയില്‍ മോഷണം നടന്നത്. കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ കാലില്‍ കിടന്ന അര പവന്‍ സ്വര്‍ണ്ണക്കൊലുസാണ് മോഷ്ടിച്ചത്.
സംഭവത്തിൽ പോലീസില്‍ പരാതി നൽകുകയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുത്തു.
ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ശ്രീലത രണ്ടാം ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിക്കുന്നതാണ് പ്രതിയുടെ പതിവ്. ഇവര്‍ക്കെതിരെ നിരവധി പോലീസ് സ്റ്റേഷനില്‍ മോഷണക്കുറ്റത്തിനും വഞ്ചനാ കുറ്റത്തിനും അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്നും ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.