തെലങ്കാനയില്‍ നിന്ന് നാട്ടിലേക്ക് വന്ന സ്വര്‍ണക്കട ജീവനക്കാരനെ കാണാതായതായി പരാതി; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ

author-image
neenu thodupuzha
New Update

കോന്നി: തെലങ്കാനയില്‍ സ്വര്‍ണ കടയില്‍ ജോലി ചെയ്യുന്ന യുവാവിനെ നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായി എന്ന് പരാതി.

Advertisment

തേക്കുതോട് മൂര്‍ത്തിമണ്ണ് പുതുവേലി മുരുപ്പേല്‍ വാസുവിന്റെ മകന്‍ സുജിത്തിനെയാണ് കാണാതായത്.  മാതാപിതാക്കള്‍ തണ്ണിത്തോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തങ്ങളുടെ അധികാര പരിധിക്ക് പുറത്തായതിനാല്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണെന്ന് പറയുന്നു.

publive-image

അതിനിടെ സുജിത്ത് മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലാണെന്ന് ഒരാള്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.  തെലങ്കാനയിലെ നിസാമാബാദില്‍ ആലുക്കാസ് ജൂവലറിയിലാണ് സുജിത്ത് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നത്.

മൂന്നുമാസത്തെ ഇടവേളയില്‍ നാട്ടിലേക്ക് വരുന്ന പതിവുണ്ട്. കഴിഞ്ഞ മാര്‍ച്ച് 23ന് സുജിത്ത് ലീവിന് വരുന്നുണ്ടെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. 26ന് വീണ്ടും വിളിച്ച് താന്‍ ഹൈദരാബാദില്‍ ഉണ്ടെന്നും അവിടെ നടക്കുന്ന പ്രദര്‍ശനം കണ്ടതിന് ശേഷമേ വീട്ടിലേക്കുള്ളൂ എന്നും അറിയിച്ചു.

പിന്നീട് സുജിത്തിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. പറഞ്ഞ ദിവസമൊന്നും വീട്ടില്‍ എത്തിയതുമില്ല. ഭയന്നു പോയ മാതാപിതാക്കള്‍ മാര്‍ച്ച് 30ന് തന്നെ വിവരങ്ങള്‍ കാണിച്ച് തണ്ണിത്തോട് പോലീസില്‍ പരാതി നല്‍കി. സുജിത്തിനെ കാണാതായിരിക്കുന്നത് കേരളത്തിന് പുറത്ത് വച്ചായതിനാല്‍ അന്വേഷിക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് തണ്ണിത്തോട് പോലീസിന്റെ നിലപാട്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഇതുവരെ തങ്ങളുടെ വീട്ടിലേക്ക് പോലും എത്തിയിട്ടില്ലെന്നും സുജിത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. അതിനിടെ കഴിഞ്ഞദിവസം മുതുകുളം സ്വദേശി ഹരിയെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ച് സുജിത്ത് ഹൈദരാബാദില്‍ തടവിലാണെന്നും മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് തടവിലാക്കിയിരിക്കുന്നത് എന്നും വീട്ടുകാരോട് പറഞ്ഞു.

തന്നെയും ഇതേ സംഘം തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നും അസുഖ ബാധിതനായതിനാല്‍ തന്നെ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്ന് കണ്ടാണ് നാട്ടിലേക്ക് പറഞ്ഞു വിട്ടതെന്നും ഹരി വീട്ടുകാരോട് പറഞ്ഞു. ഈ വിവരം അറിയിച്ചിട്ടും തണ്ണിത്തോട് പോലീസ് ഗൗരവമായി എടുത്തിട്ടില്ല എന്നും വീട്ടുകാര്‍ പറയുന്നു.

തെലുങ്കാന പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാല്‍ സുജിത്ത് ഉള്‍പ്പെടെ നിരവധിപേരെ അവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ആകുമെന്നും ഹരി വീട്ടുകാരോട് പറഞ്ഞിരുന്നു. ഗൗരവമായ വിഷയമായിട്ടും പോലീസ് തങ്ങളുടെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുജിത്തിന്റെ മാതാപിതാക്കള്‍ പറയുന്നു.

Advertisment