ഇസ്ലാമാബാദ്: പാകിസ്ഥാൻ്റെ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുനിന്നു നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി)യാണ് ഇമ്രാൻ ഖാനെ അറസ്റ്റു ചെയ്തത്.
വിവിധ കേസുകളിൽ മുൻകൂർ ജാമ്യമെടുക്കാൻ ഹൈക്കോടതിയിൽ എത്തിയതായിരുന്നു ഇമ്രാൻ ഖാൻ. ഇതിനിടെയാണ് അൽ- ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റു ചെയ്തത്.
ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാൻ്റെ അറസ്റ്റു രേഖപ്പെടുത്തിയതായി ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ. അക്ബർ നാസിർ ഖാൻ സ്ഥിരീകരിച്ചു. അഴിമതിക്കേസുകളടക്കം 60ലേറെ കേസുകളാണ് ഇമ്രാൻ ഖാൻ നേരിടുന്നത്.
കേസുകളിൽ മുൻകൂർ ജാമ്യത്തിനായി സമർപ്പിച്ച ഹർജി ഇന്ന് ഇസ്ലാമബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ടായിരുന്നു. ഇതിനായി കോടതിയിലേക്ക് എത്തുമ്പോഴായിരുന്നു അറസ്റ്റ്. അൽ-ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.
അണികൾ തെരുവിലേക്ക് ഇറങ്ങണമെന്ന് പിടിഐ ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിലടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു.