കട്ടപ്പന: ബൈസണ്‍വാലി പൊട്ടന്‍കാട് ദമ്പതികളെ വെട്ടി കൊലപ്പെടുത്തുകയും ഇവരുടെ മകനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശികളായ അച്ഛനും മകനും മൂന്നു വീതം ജീവപര്യന്തം കഠിനതടവ്.
തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി ജയരാജ് (മുരുകന്‍ -55), മകന്‍ കറുപ്പ് സാമി (35) എന്നിവരെയാണ് മുട്ടം മൂന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പ്രതികള്‍ക്ക് ഇരുപതിനായിരം രൂപ വീതം പിഴയും വിധിച്ചു. ഇതിനു പുറമെ ഭവന ഭേദനത്തിന് അഞ്ചു വര്‍ഷം കഠിനം തടവും 5000 രൂപാ വീതം പിഴയും ശിക്ഷിച്ചു.
കേസിലെ മൂന്നാം പ്രതിയും ജയരാജിന്റെ ഭാര്യയുമായ സരസ്വതിയെ കോടതി വെറുതെ വിട്ടു. ഈ വിധിക്കെതിരെ ബന്ധുക്കൾ അപ്പീൽ നൽകും. പൊട്ടന്‍കാട് പൂമല ചുരയ്ക്കവയലില്‍ അപ്പുക്കുട്ട(65)നെയും ഭാര്യ ശാന്തമ്മ(55)യെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
രണ്ടു വീട്ടുകാരും തമ്മിലുണ്ടായിരുന്ന മുന്‍വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം. സംഭവ ദിവസം അപ്പുക്കുട്ടന്റെ മകനായ ബൈജുവും സുഹൃത്തും കൂടി പൊട്ടന്‍കാട് ടൗണിലേക്കു വരുന്നതിനിടെ ജയരാജും മകന്‍ കറുപ്പസാമിയും സരസ്വതിയും അവരുടെ വീട്ടിലേക്ക് പോകാനായി ഇതുവഴി വരികയും കൈയിലിരുന്ന കത്തി ഉപയോഗിച്ച് ബൈജുവിനെ ആക്രമിക്കുകയുമായിരുന്നു.
ശരീരമാസകലം നാൽപ്പത്തിരണ്ടോളം കുത്തേറ്റ ബൈജുവിന് ഗുരുതരമായി പരിക്കേറ്റു. ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അപ്പുക്കുട്ടനെയും ശാന്തമ്മയെയും പ്രതികള്‍ വാക്കത്തി ഉപയോഗിച്ച് ആക്രമിച്ചു. രക്ഷപ്പെടാന്‍ വീടിനുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പ്രതികള്‍ പിന്നാലെയെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശരീര ഭാഗങ്ങള്‍ അറ്റുപോയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കേസില്‍ രണ്ടാം സാക്ഷിയായ ബൈജുവിന്റെ മൊഴി നിര്‍ണായകമായി. കൂടാതെ പ്രതികളുടെ കുറ്റസമ്മത പ്രകാരം കണ്ടെടുത്ത ആയുധങ്ങളുടെയും വസ്ത്രങ്ങളുടയും ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടും പ്രോസിക്യൂഷന് അനുകൂലമായി.
തമിഴ്‌നാട്ടില്‍ നിരവധി കേസുകളില്‍ പ്രതികളായ ജയരാജും കുടുംബവും 2003ലാണ് രാജാക്കാട് എത്തുന്നത്. ഇക്കാലയളവില്‍ തമിഴ്‌നാട്ടിലെ ഒരു കേസില്‍ ജയരാജ് ജയിലിലായി. ഒമ്പത് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് 2013ലാണ് ജയരാജ് പുറത്തിറങ്ങിയത്.
കൊല്ലപ്പെട്ട അപ്പുക്കുട്ടന്റെ വസ്തുവില്‍ നിര്‍മ്മിച്ച വീട്ടിലായിരുന്നു പ്രതികളുടെ താമസം. തുടര്‍ന്നുണ്ടായ അതിര്‍ത്തി തര്‍ക്കവും വാക്കേറ്റവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഏബിള്‍ സി. കുര്യന്‍ ഹാജരായി.