അമ്പലപ്പുഴ: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ സമാപന ദിവസം സംഘര്‍ഷം. പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ആനന്ദ്, ഗ്രേഡ് എസ്.ഐ പ്രദീപ് കുമാര്‍, രക്ഷകര്‍ത്താക്കളായ തിരുവനന്തപുരം ശിവമംഗലം കൃഷ്ണകുമാറിന്റെ ഭാര്യ ഗംഗ (37), മകള്‍ തിരുവനന്തപുരം എന്‍.എസ്.എസ്. ഗേള്‍സ് കോളജ് വിദ്യാർത്ഥിനി പാര്‍വതി (19), ഗോപീ കൃഷ്ണന്‍ (22), മധു (54), വാളന്റിയേഴ്‌സുമാരായ എസ്.എഫ്.ഐ. മാന്നാര്‍ ഏരിയാ സെക്രട്ടറി അമല്‍ കൃഷ്ണന്‍ (23), ഷമീറ (22), സുജന (21) അന്‍ഷാദ് (18) എന്നിവരെയാണ് പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ പ്രധാന വേദിയായ ഗവ. കോളജിലായിരുന്നു സംഭവം. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം ഏതാനും വിദ്യാര്‍ഥികള്‍ ഓഫീസില്‍ അപ്പീല്‍ കൊടുക്കാനെത്തുകയും റിസള്‍ട്ടുമായി പുറത്തേക്ക് ഓടുകയുമായിരുന്നെന്നാണ് സംഘാടകര്‍ പറയുന്നത്.
ഇവരുടെ പിന്നാലെയെത്തിയ വാളന്റിയേഴ്‌സുമാര്‍ റിസള്‍ട്ടുമായി ഓടിയ വിദ്യാര്‍ഥികളെ പിടികൂടാന്‍ പറഞ്ഞിട്ടും പോലീസ് തയാറായില്ലെന്നാണ് സംഘാടക സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്.
ഓഫീസിലെത്തി റിസള്‍ട്ട് ഷീറ്റുമായി കടന്നവരെ പിടികൂടുന്നതിന് പകരം തങ്ങളെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തിലാണ് ഇവർക്കു പരുക്കേറ്റത്. പോലീസ് ജീപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാനും വിദ്യാര്‍ഥികള്‍ എത്തി ഗേറ്റ് പൂട്ടിയെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
കോളജിന് മുന്നിലെ ക്യാമറ മോഷണം പോയെന്നു കാട്ടി കോളജ് അധികൃതര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. റിസള്‍ട്ടെടുത്ത വിദ്യാര്‍ത്ഥിനിയെ പിടികൂടിയെന്നും ഇവരില്‍ നിന്ന് റിസള്‍ട്ട് ഷീറ്റ് വാങ്ങി സംഘാടക സമിതിക്ക് കൈമാറിയെന്നും പോലീസ് പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 38 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
പോലീസ് ജീപ്പ് തടഞ്ഞ 20 പേര്‍ക്കെതിരെയും വിദ്യാര്‍ഥിനിയെയും അമ്മയേയും കൈയ്യേറ്റം ചെയ്ത 10 പേര്‍ക്കെതിരെയും കോളജ് സി.സി.ടിവി ക്യാമറ നശിപ്പിച്ച എട്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു.