ഒന്നരക്കോടി രൂപ മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് 62 കാരനിൽനിന്ന് പണം തട്ടിയെടുത്ത എട്ടംഗ സംഘം പിടിയിൽ 

author-image
neenu thodupuzha
New Update

തൃശൂർ: ഒന്നരക്കോടി രൂപ മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് 62 കാരനിൽനിന്ന് 50 ലക്ഷം രൂപ തട്ടിയ കേസിൽ എട്ടുപേർ പിടിയിൽ. എറണാകുളം നായത്തോട് സ്വദേശിയിൽ നിന്നാണ് പ്രതികൾ പണം തട്ടിയത്.

Advertisment

ഇയാളുമായി മുൻപരിചയമുള്ള അരിമ്പൂർ പരക്കാട് സ്വദേശിനി ചെങ്ങേക്കാട്ട് വീട്ടിൽ ലിജി ബിജുവാണ് കേസിലെ ഒന്നാം പ്രതി. എടക്കഴിയൂർ സ്വദേശി നന്ദകുമാർ, അരിമ്പൂർ പറക്കാട് സ്വദേശി ബിജു, വാടാനപ്പിള്ളി സ്വദേശി ഫവാസ്, വെങ്കിടങ്ങ് സ്വദേശികളായ റിജാസ്, യദുകൃഷ്ണൻ, ജിതിൻ ബാബു, ശ്രിജിത്ത് എന്നിവരാണ് മറ്റു പ്രതികൾ. കേസിലെ രണ്ടാം പ്രതി അജ്മൽ വിദേശത്തേക്ക് കടന്നതായാണ്  വിവരം.

publive-image

ജനുവരി അഞ്ചിനായിരുന്നു സംഭവം. തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി ലഭിക്കുന്ന വിദേശ കറൻസികൾ കുറഞ്ഞ മൂല്യമുള്ള ഇന്ത്യൻ കറൻസിക്ക് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.  ഒന്നരക്കോടി രൂപയുടെ വിദേശ കറൻസി കൈവശമുണ്ടെന്നും 50 ലക്ഷം രൂപ  നൽകിയാൽ വിദേശ കറൻസികൾ നൽകാമെന്നായിരുന്നു ഇടപാട്.

അഡ്വാൻസായി ലിജി പരാതിക്കാരനിൽനിന്ന് അഞ്ചു ലക്ഷം രൂപ വീതം രണ്ടു തവണകളായി  അക്കൗണ്ട് വഴി കെെപ്പറ്റിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് ലിജി പരാതിക്കാരനെ അയ്യന്തോളിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. ഇതിനിടെ മറ്റ് പ്രതികൾ വന്ന കാർ ഓട്ടോയ്ക്ക് കുറുകെ നിർത്തി പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Advertisment