തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദനയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷി ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്. കണ്‍മുന്നില്‍ നടന്ന ആക്രമണത്തില്‍ രാജേഷിനും പരിക്കേറ്റിരുന്നു. രാജേഷിന്റെ വാക്കുകള്‍ ഇങ്ങനെ...
പുലര്‍ച്ചെ ബഹളം കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. ഇയാള്‍ പോലീസുകാരനെ ഇടിക്കുന്നതാണ് ആദ്യം കാണുന്നത്. എന്താണെന്നറിയാതെ ഞാന്‍ കയറി പിടിച്ചു. ആദ്യം കഴുത്തില്‍ ഇടിക്കുന്നതായാണ് തോന്നിയത്. കത്രികയുണ്ടെന്ന് അറിഞ്ഞില്ല. പിടിച്ചു മാറ്റുന്നതിനിടെ എന്റെ കൈ മുറിഞ്ഞപ്പോഴാണ് കൈയില്‍ കത്രികയുണ്ടെന്ന് മനസിലായത്.
എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പിന്നോട്ടു മാറി. ഇയാളുടെ കൈയില്‍ ചുരുട്ടി പിടിച്ച കത്രികയുണ്ടായിരുന്നു. ഈ കത്രിക വച്ച് ആദ്യം ഹോം ഗാര്‍ഡിനെ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസുകാരനെ കസേരയില്‍ ഇരുത്തി തെരുതെരെ കുത്തുകയാണ് അപ്പോള്‍ കസേര ഉള്‍പ്പെടെ പോലീസുകാരന്‍ പിന്നോട്ട് മറിഞ്ഞു. കൂടെയുണ്ടായിരുന്ന എസ്.ഐ ഓടിവന്നു. അന്നേരം ഈ ഹോം ഗാര്‍ഡിന്റെ അടുത്തുനിന്നും എസ്.ഐയുടെ നേരെയായി ആക്രമണം. അദ്ദേഹവും മറിഞ്ഞുവീണു.
എയ്ഡ് പോസ്റ്റിലെ സാര്‍ അപ്പോള്‍ ഓടി വന്നു. ആ സാറിനെ ഒ.പിയെടുക്കുന്നതിന്റെ നേരെ ചേര്‍ത്തു നിര്‍ത്തിയിട്ട് തലയില്‍ മൂന്നാലഞ്ചു കുത്തു കുത്തി. എല്ലാരും പതറി, ചുറ്റും ബ്ലഡായി, നിലവിളിയായി എല്ലാവരും നാലുപാടും ഓടി. കുറച്ചു പേര്‍ പുറത്തേക്കോടി. ഇയാള്‍ അകത്തായിരുന്നു. ഇയാള്‍ പുറത്തേക്ക് ഓടേണ്ടെന്നു കരുതി ഫ്രണ്ട് ഡോര്‍ ലോക്ക് ചെയ്തു. സ്റ്റാഫുകളും നമ്മളും അകത്തായിരുന്നു. എല്ലാ സ്റ്റാഫുകളെയും പെട്ടെന്ന് റൂമില്‍ കയറ്റി അടച്ചു. എന്നാല്‍, ഇതൊന്നും അറിയാതെ വനിതാ ഹൗസ് സര്‍ജന്‍ വന്ദന ആ സമയത്ത് ഇറങ്ങി വന്നത് ഇയാളുടെ മുന്നിലേക്കായിരുന്നു. ഞങ്ങളും ഇതറിഞ്ഞില്ല. ഡോക്ടറെ ഇയാള്‍ തള്ളിയിട്ട് തലഭാഗത്ത് ഒരുപാട് കുത്തി.
ഉടന്‍ കൂടെയുള്ള മറ്റൊരു ഹൗസ് സര്‍ജന്‍ വന്ന് ഇയാളെ തള്ളിമാറ്റി. അപ്പോള്‍ ഇയാള്‍ കത്രികയുമായി പിന്നിലേക്ക് മറിഞ്ഞുവീണു. അന്നേരം കാലില്‍ പിടിച്ചു വലിച്ചു. അന്നേരം ഹൗസ് സര്‍ജനെ തള്ളിമാറ്റി ഡോക്ടര്‍ വന്ദനയുടെ മുതുകില്‍ അഞ്ചാറു കുത്ത് കുത്തി. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയെ താങ്ങിയെടുത്താണ് കൊണ്ടുപോയത്. ശേഷം കത്രികയുമായി അയാള്‍ കുറേ നേരം അതിലെ നടന്നു.
കൊട്ടാരക്കര സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസെത്തി ഡോര്‍ തുറന്നപ്പോള്‍ ഇയാള്‍ കത്രിക താഴെയിട്ടു. അപ്പോള്‍ എല്ലാവരും ഇയാളെ പിടിച്ചു നിര്‍ത്തി. ഇങ്ങനെയൊരു ആക്രമണം ആരും പ്രതീക്ഷിച്ചില്ല. എല്ലാവരും ഉറക്കക്ഷീണത്തിലായിരുന്നെന്നും രാജേഷ് പറയുന്നു.