കൊല്ലം: യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ യു.പി. സ്കൂൾ അധ്യാപകനായ പ്രതി സന്ദീപ് ലഹരിക്കടിമ. ലഹരിമുക്തി കേന്ദ്രത്തിൽനിന്ന് ഇന്ന് പുലർച്ചെയാണ് വീട്ടിലെത്തിയത്.
പൂയപ്പള്ളി ചെറുകരക്കോണം സ്വദേശിയായ സന്ദീപ് നാട്ടുകാർക്കും വീട്ടുകാർക്കും ഭീഷണിയായിരുന്നു. പതിവായി ലഹരി ഉപയോഗിച്ച ശേഷം ഇയാൾ അക്രമാസക്തനാകുമായിരുന്നു. മദ്യപിച്ചു സ്കൂളിലെത്തുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് പതിവായതോടെ സ്കൂൾ അധികൃതർ ഇയാളെ പല തവണ ബോധവത്ക്കരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയാറായില്ല. ലഹരി ഉപയോഗം പതിവായതോടെ ഇയാളെ ജോലിയിൽനിന്ന് സസ്പെൻ്റ് ചെയ്തു.
ഇതോടെയാണ് ലഹരി വിമുക്തി കേന്ദ്രത്തിൽ സന്ദീപിനെ കൊണ്ടുപോയത്. ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്നെത്തിയ സന്ദീപും ബന്ധുക്കളും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് പോലീസെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കൊല്ലത്തെ അസീസിയ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരുന്ന ഡോ. വന്ദന ദാസ് ട്രെയിനിങ്ങിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് സന്ദീപിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.