തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് രണ്ടര ലക്ഷം കവർന്ന കേസിൽ പിടിയിലായ മീശ വിനീത് ഉപയോഗിച്ചിരുന്നത് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 4 ഫോൺ. ആഢംബര ജീവിതം നയിക്കാനായാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. മീശ വിനീതിന്റെ വലയിൽ നിരവധി സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
ടിക് ടോക്ക്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ഇയാൾ സ്ത്രീകളെ വളയ്ക്കുന്നത്. വിവാഹിതരായ സ്ത്രീകളോടായിരുന്നു വിനീതിന് കമ്പം. ഭർത്താക്കന്മാർ ഗൾഫിലുള്ള നിരവധി യുവതികളുമായി ഇയാൾ അടുപ്പം പുലർത്തിയിരുന്നു. ഗൾഫിലുള്ള ഭർത്താക്കന്മാരുമായി തങ്ങൾ നടത്തുന്ന വീഡിയോ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ യുവതികൾ വിനീതിന് അയച്ചു കൊടുക്കാറുണ്ടായിരുന്നു.
ഈ സ്ക്രീൻ ഷോട്ടുകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തി. ഇൻസ്റ്റഗ്രാം വീഡിയോകൾക്ക് റീച്ച് കിട്ടാനുള്ള ടിപ്പുകൾ പഠിപ്പിക്കാനെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി നേരത്തെ ഒരു പെൺകുട്ടി രംഗത്തെത്തിയിരുന്നു. ഈ കേസിൽ ജാമ്യം കിട്ടി പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇയാളുടെ അടുത്ത തട്ടിപ്പ്.
ഇക്കഴിഞ്ഞ 23നായിരുന്നു കവർച്ച നടന്നത്. കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജർ ഷാ ആലം ഉച്ച വരെയുള്ള കളക്ഷൻ പണമായ രണ്ടര ലക്ഷം രൂപ എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ഇവർ പണം കവർന്നത്. സംഭവത്തിൽ മീശ വിനീതും ജിത്തു എന്നയാളും പിടിയിലായി. ഇവരെ രണ്ടു പേരെയും എത്തിച്ചാണ് കവർച്ച നടത്തിയത്. ബാങ്കിലേക്ക് പണവുമായി പോകുന്ന സമയം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
തെളിവെടുപ്പിന് വേണ്ടി വിനീതിനെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛനത് താങ്ങാനാകില്ലെന്നും വിനീത് പോലീസിനോട് പറഞ്ഞിരുന്നു.
എന്നാൽ, തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു.
വിനീതിനെ തിരക്കി മൂന്നാമത്തെ പ്രാവശ്യമാണ് പോലീസ് ഈ വീട്ടിൽ കയറുന്നതെന്നും ഇനി തങ്ങളുടെ ഭാഗത്തു നിന്ന് അയാൾക്ക് യാതൊരു സഹായങ്ങളുമുണ്ടാകില്ലെന്നും വിനീതിൻ്റെ പിതാവ് പോലീസിനോട് അറിയിച്ചിരുന്നു.
കണിയാപുരത്തു നിന്ന് കവർച്ച നടത്തിയ പണം പ്രതികൾ പല ആവശ്യങ്ങൾക്ക് ചെലവാക്കിയെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഈ പണത്തിൽ കുറച്ച് ഉപയോഗിച്ച് വിനീത് ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു. തൃശ്ശൂർ സ്വദേശിയിൽ നിന്നാണ് വിനീത് ബുള്ളറ്റ് വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകൾ. 60,000 രൂപയ്ക്കാണ് ബുള്ളറ്റ് വാങ്ങിയത്. എന്നാൽ വാഹനത്തിന്റെ ഉടമസ്ഥന്റെ പേര് മാറിയിരുന്നില്ല.
രണ്ടുദിവസത്തിനുള്ളിൽ വാഹന ഉടമയുടെ പേര് മാറ്റാമെന്ന് വിനീത് അറിയിക്കുകയായിരുന്നു. അതിനിടയിലാണ് വിനീത് പോലീസിൻ്റെ പിടിയിലാകുന്നത്. ബുള്ളറ്റ് വാങ്ങിയതിൽ ബാക്കി പണം കടം തീർക്കുവാനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
കവർച്ച നടത്തിയ പണം തൃശൂരിൽ വച്ച് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതുകൊണ്ടുതന്നെ വിനീത് മറ്റുള്ളവർക്ക് കാശ് നൽകിയത് ഗൂഗിൾ പേ വഴിയായിരുന്നു. വിനീതിൽ നിന്ന് കാശ് സ്വീകരിച്ചവരെ തെളിവെടുപ്പിനായി സ്റ്റേഷനിലേക്ക് വിളിക്കേണ്ടിവരുമെന്നു പോലീസ് അറിയിച്ചിരുന്നു.