കോട്ടയം: നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ. അറസ്റ്റില്‍. തിരുവനന്തപുരം മീനംകുളം ചിറ്റാറ്റുകടവ് മണക്കാട്ടില്‍ എസ്.എന്‍. നിധീഷി(35)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റുചെയ്തത്.
ആലുവയിലാണ് സംഭവം. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന യുവതി ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്. നിലമ്പൂരില്‍നിന്നു ട്രെയിന്‍ കയറ്റിവിടാനെത്തിയ പിതാവ് മകള്‍ ഒറ്റയ്ക്കാണ് ശ്രദ്ധിക്കണമെന്ന് ടി.ടി.ഇയോട് പറഞ്ഞിരുന്നു.
ഇത് മുതലെടുത്താണ് ഇയാള്‍ യുവതിയെ ശല്യം ചെയ്തതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയ്യിൽ കടന്നുപിടിക്കുകയുമായിരുന്നു. ശല്യം രൂക്ഷമായതോടെ യുവതി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി അറിയിച്ചു.
സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ തിരുവനന്തപുരം റെയില്‍വേ സൂപ്രണ്ട് നിര്‍ദേശിച്ചു. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്.എച്ച്.ഒ. റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.