കട്ടപ്പന: മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് യുവാവ് മരിച്ചു. വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയാപറമ്പിൽ തോമസ് ജോസഫാ(46)ണ് മരിച്ചത്. അപകടത്തിൽ 90 ശതമാനത്തോളം കാൽ മുറിഞ്ഞു.
ഇന്ന് രാവിലെ 10ന് വണ്ടൻമേട് മാലിയിലാണ് സംഭവം. കാൽ മുറിഞ്ഞുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഏലം എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന കുട്ടിച്ചൻ രണ്ട് അതിഥി തൊഴിലാളികളോടൊപ്പം മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.
മുറിച്ചിട്ട തടി കഷണങ്ങൾ തൊഴിലാളികൾ ചുമന്ന് കൊണ്ടുപോയിരുന്നു. കുട്ടിച്ചൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ ഇടത്തേ കാലിന്‍റെ തുടയിലേയ്ക്ക് അബദ്ധത്തിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു. തൊഴിലാളികൾ തടി കൊണ്ടിട്ട് തിരികെ വരുമ്പോൾ മുറിവേറ്റ് കിടക്കുന്ന കുട്ടിച്ചനെയാണ് കാണുന്നത്.
ഇരുവരും ചേർന്ന് ഉടൻ തന്നെ ഇതുവഴി വന്ന ഓട്ടോറിക്ഷയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംസ്കാരം നാളെ.