ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി.
സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ക്ക് ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാന്‍ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നല്‍കും.
ബാങ്ക് അക്കൗണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കുമെന്നു കേന്ദ്രം അറിയിച്ചു.
അതേസമയം സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കുന്ന കാര്യത്തില്‍ പൊതു സദാചാരം പരിഗണിച്ചാകില്ല തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന അനുസരിച്ചാകും തീരുമാനമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വിവാഹത്തിന് നിയമസാധുത നല്‍കാതെ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ എങ്ങനെ കഴിയുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാനും ഇന്‍ഷുറന്‍സ് രേഖകളില്‍ നോമിനിയെ നിര്‍ദ്ദേശിക്കാനുമൊക്കെ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.