മലയാള സിനിമയിലെ കോമഡി താരങ്ങളിലൊരാളാണ് കുളപ്പുള്ളി ലീല. നിരവധി സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെയും മറ്റും വ്യത്യസ്ഥമായ കോമഡി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരാള്‍ കൂടിയാണിവര്‍. നാടകത്തിലൂടെ സിനിമാ ലോകത്തേക്കു കടന്നുവന്ന കുളപ്പുള്ളി ലീല താന്‍ അതിജീവിച്ചു കടന്നുവന്ന ജീവിത സാഹചര്യങ്ങളെയും ദുരിതങ്ങളെക്കുറിച്ചും കുളപ്പുള്ളി ലീല ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞത് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കുളപ്പുള്ളി ലീലയുടെ വാക്കുകള്‍ ഇങ്ങനെ...
ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്റെ ലീലയ്ക്ക് ഒരു പാവാട തരുമോയെന്ന് ചോദിച്ച് അമ്മ വല്യമ്മയുടെ അടുത്ത് ചെല്ലും. നിങ്ങളൊക്കെ ഇരുമ്പ് കരിമ്പാക്ക കൂട്ടരാണ്, നിങ്ങള്‍ക്കൊന്നും തന്നാല്‍ മൊതലാവില്യ എന്നു പറഞ്ഞു വെറും കൈയോടെ അമ്മയെ മടക്കി അയയ്ക്കും. പിന്നെയും പലരോടും ചോദിച്ചു നടന്നു. അമ്മയുടെ കൂട്ടുകാരി ദേവകി അവസ്ഥ കണ്ടറിഞ്ഞ് എനിക്ക് വേണ്ടുന്ന തുണിയൊക്കെ തന്നു.
അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോകാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടേയും എതിര്‍പ്പ് അമ്മ വക വച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി.
എനിക്ക് രണ്ട് ആണ്‍മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണന്‍. അവന് ഗുരുവായൂരില്‍ കൊണ്ടു പോയാണ് ചോറു കൊടുത്തത്. എന്തു പറയാനാ. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു. ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരിച്ചു. ദൈവം അങ്ങനെ വിചാരിച്ചു കാണും. അല്ലാതെ എന്ത് പറയാനാ? ഇപ്പോള്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിയാറില്ല. എനിക്ക് നാട്ടില്‍ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്.
എന്റെ മരണത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഒരുപാട് കുഴപ്പത്തിലാക്കിയിട്ടുണ്ട്. ചിലര്‍ക്ക് അഭിമുഖം കൊടുത്ത് പുലിവാല് പിടിച്ചിട്ടുണ്ട്. തമിഴില്‍ കുറച്ച് സിനിമ ചെയ്ത് തിരിച്ചുവന്നപ്പോള്‍ കേട്ട പ്രചാരണം ഞെട്ടിച്ചു. കുളപ്പുള്ളി ലീല പഴയ പോലൊന്നുമല്ല വല്ലാത്ത തനക്കനമാണെന്നൊക്കെ കേട്ടു. മലയാളത്തില്‍ ഡേറ്റ് തരില്ല. തന്നാലും ലോകത്തില്ലാത്ത പൈസ വാങ്ങിക്കും എന്നൊക്കെ പ്രചരിപ്പിച്ചവരുണ്ട്.
മലയാളത്തില്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ല. നാനൂറിനടുത്ത് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരു അവാര്‍ഡ് പോലും കിട്ടാത്തതില്‍ സങ്കടമില്ലെന്ന് പറഞ്ഞാല്‍ അത് കള്ളമാകും. കസ്തൂരിമാന്‍ ഷൂട്ടിനിടയ്ക്ക് സോനാ നായരുടെ അമ്മ പറഞ്ഞിരുന്നു, ലീല ചേച്ചിയ്ക്ക് അവാര്‍ഡ് പ്രതീക്ഷിക്കാമെന്ന്. എന്നാല്‍, അതുണ്ടായില്ല.
തമിഴില്‍ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. ജീവിതത്തില്‍ ലഭിച്ച വലിയൊരു അംഗീകാരമായിരുന്നത്. അവാര്‍ഡ് ഇല്ലെങ്കിലും പേ വാര്‍ഡ് മതിയെന്ന് ഞാന്‍ ഇടയ്ക്ക് തമാശ പറയും.
എന്റെ ഫോട്ടോയും വീഡിയോയും ഒക്കെ വച്ചുള്ള ഒരുപാട് ട്രോളുകളുണ്ട്. അതൊക്കെ കണ്ട് ചിരിക്കാറുണ്ട്. ആളുകള്‍ക്ക് ഇഷ്ടമുള്ളതു കൊണ്ടും കഥാപാത്രങ്ങളെ അറിയുന്നതു കൊണ്ടുമാണല്ലോ ട്രോളുകള്‍ വരുന്നതെന്നും കുളപ്പുള്ളി ലീല പറയുന്നു.