മുടിയുടെ നര മാറ്റിയെടുക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാല്‍, ഇതിനിടയില്‍ ശ്രദ്ധിക്കാതെ പോകുന്നയൊന്നാണ് ആഹാരം. മുടി നരയ്ക്കുന്നതില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ആഹാരസാധനങ്ങളുണ്ട്. മുടി നരയ്ക്കാന്‍ കാരണമാകുന്ന ആഹാരങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.
നമ്മള്‍ ദിവസവും പഞ്ചസാര കഴിക്കാറുണ്ട്. ചായയുടെ രൂപത്തിലും ഐസ്‌ക്രീമിന്റെ രൂപത്തിലും പേസ്ട്രീ രൂപത്തിലുമെല്ലാം നമ്മള്‍ ഇതു ശരീരത്തിലേക്ക് സ്വീകരിക്കുന്നു. ഇതു പതിവായി ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പുണ്ടാക്കുക മാത്രമല്ല, മുടി പതിയെ നരയ്ക്കാനും ആരംഭിക്കും.
വിറ്റമിന്‍ ഇയുടെ അളവ് ഗണ്യമായി കുറയ്ക്കുന്ന ഒരു പദാര്‍ത്ഥമാണ് പഞ്ചസാര. നമ്മള്‍ പഞ്ചസാര കഴിക്കുന്നത് അനുസരിച്ച് വിറ്റമിന്‍ ഇയും കുറയും. അതുപോലെ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീന്‍ കൃത്യമായി എത്താതിരിക്കാനും ഇത് കാരണമാകുന്നു.
വിറ്റമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ച് ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നുണ്ട്. എന്നാല്‍, ഓറഞ്ച് അമിതമായി കഴിക്കുന്നത് മുടിയില്‍ നര കയറാന്‍ ഒരു കാരണമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡ്, കോപ്പര്‍ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ശരീരത്തില്‍ കോപ്പറിന്റെ അളവ് കുറയുന്നത് മുടി നരയ്ക്കാന്‍ ഒരു പ്രധാന കാരണമാണ്. അതിനാല്‍, ഓറഞ്ച് അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
അമിതമായി മാംസാഹാരങ്ങള്‍, പ്രത്യേകിച്ച് കോഴി, പോത്ത്, പന്നി എന്നിവയെല്ലാം അമിതമായി കഴിക്കുന്നവരില്‍ മുടിയുടെ നിറം വേഗത്തില്‍ മാറുന്നത് കാണാം. ഇത്തരത്തില്‍ മൃഗങ്ങളുടെ മാംസം കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് പ്രോട്ടീനിന്റെ അളവ് കൂടുന്നു എന്നത് സത്യമാണ്.
എന്നാല്‍, ഇത്തരം പ്രോട്ടീന്‍ ശരീരത്തിലെ യൂറിക് ആസിഡ് കൂടാന്‍ കാരണമാകുന്നുണ്ട്. ഈ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മുടിയില്‍ വേഗത്തില്‍ നര വീഴാന്‍ കാരണമാകും. അതിനാല്‍, മാംസം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഇടയ്ക്ക് മാത്രം മിതമായി കഴിക്കുക.
മുട്ട അമിതമായി കഴിക്കുന്നവരില്‍ വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കാന്‍ കാരണമാകും. പ്രോട്ടീന്‍ ലഭിക്കാനായി പലരും മുട്ട കഴിക്കുന്നു. എന്നാല്‍, മുട്ട കഴിക്കുന്നത് അമിതമായാല്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ബയോട്ടിന്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടാന്‍ തടസമാണ്. മുട്ട അധികം വേവിക്കാതെ കഴിക്കുന്നതും ആരോഗ്യത്തിന് കേടാണ്. ഇതു മുടി നരപ്പിക്കാന്‍ കാരണമാകും.
ചിലര്‍ക്ക് ഉപ്പ് അമിതമായി ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്ന ശീലമുണ്ട്. ഉപ്പില്‍ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് മുടിയിലെ കറുപ്പ് മാറ്റി നര കയറാന്‍ കാരണമാകുന്നു. ഇത് കൂടാതെ, അമിതമായി സോഡിയം എത്തുന്നത് രക്തസമ്മര്‍ദ്ദം കൂട്ടാനും വൃക്കരോഗങ്ങള്‍ വരാനും കാരണമാകുന്നു.