മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട്  നിരന്തരം ഉപദ്രവിച്ചതിൽ വൈരാഗ്യം;  മരണ ശേഷം മധ്യവയസ്കന്റെ മൃതദേഹം കഷ്‌ണങ്ങളാക്കി സഹോദരങ്ങള്‍

author-image
neenu thodupuzha
New Update

ഹൈദരാബാദ്: മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് കുടുംബത്തെ നിരന്തരം പീഡിപ്പിച്ചിരുന്ന അമ്പതുകാരനെ മരണ ശേഷം കഷ്‌ണങ്ങളാക്കി സഹോദരങ്ങള്‍ പിടിയിൽ. ശരീര ഭാഗങ്ങള്‍ റോഡരികില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്  ഇവര്‍ പിടിയിലായത്. ഹൈദരാബാദിലെ ലാംഗര്‍ഹൗസിലാണ് സംഭവം.

Advertisment

വ്യാഴാഴ്‌ച രാത്രി ശരീര ഭാഗങ്ങള്‍ അടങ്ങിയ കവറുമായി ഇവര്‍ ലാംഗര്‍ഹൗസിലേക്ക് ഓട്ടോറിക്ഷയില്‍ കയറി. എന്നാല്‍, ഓട്ടോക്കൂലി നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ ഇവരെ സൈനിക ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ടു. ഇവര്‍ കവറുമായി ഫൂട്‌പാത്തിലൂടെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ സംശയം തോന്നി കവര്‍ പരിശോധിച്ചു. കവറില്‍ മനുഷ്യന്‍റെ തല കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ ആളെ വിളിച്ചുകൂട്ടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

publive-image

ലാംഗര്‍ഹൗസ് ഇന്‍സ്‌പെക്‌ടര്‍ ശ്രീനിവാസും സംഘവും സ്ഥലത്തെത്തി രാജുവിന്‍റെയും സ്വരൂപയുടെയും കൈയ്യിലെ കവർ പരിശോധിച്ചു. ആദ്യം പരസ്‌പര വിരുദ്ധമായി സംസാരിച്ച ഇവര്‍ പിന്നീട് ശരീരഭാഗങ്ങള്‍ തങ്ങളുടെ സഹോദരന്‍റേതാണെന്ന് പറഞ്ഞു. മരിച്ച അശോകിനും സഹോദരങ്ങളായ രാജുവിനും സ്വരൂപയ്‌ക്കും മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്‌ച, മംഗല്‍ഹാട്ടില്‍ താമസിക്കുന്ന ബാലമ്മയുടെ മൂത്ത മകന്‍ വിജയ്‌യെ  വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

രാജേന്ദ്രനഗര്‍ എന്‍എഫ്‌സിഎല്‍ കോളനിയില്‍ താമസിക്കുന്ന ബാലമ്മയുടെ രണ്ടാമത്തെ മകനാണ് മരിച്ച അശോക്.  തപാല്‍ ജീവനക്കാരനായിരുന്ന ബാലമ്മയുടെ ഭര്‍ത്താവ് ബല്‍രാജ് നേരത്തെ മരിച്ചിരുന്നു. അശോകിനെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. ഇവരില്‍ ഒരു മകനും മകളും വിവാഹിതരാണ്. ഇരുവരും കുടുംബവുമൊത്ത് നഗരത്തില്‍ താമസിക്കുന്നു.

ഇളയ മക്കളായ അശോകിനും രാജുവിനും സ്വരൂപയ്‌ക്കും ഒപ്പം എന്‍എഫ്‌സിഎല്‍ കോളനിയിലാണ് 85കാരിയായ ബാലമ്മ താമസിച്ചിരുന്നത്. ഇവരുടെ പെന്‍ഷന്‍ ആയിരുന്നു കുടുംബത്തിന്‍റെ ആശ്രയം. ഇടയ്‌ക്ക് രാജുവും സ്വരൂപയും കൂലിപ്പണിക്കും പോയിരുന്നു. ഇതിനിടെയാണ് അശോക് മദ്യത്തിന് അടിമയായി.

മദ്യം വാങ്ങാനായി പെന്‍ഷന്‍ തുക നല്‍കണമെന്നാവശ്യപ്പെട്ട് അശോക് ബാലമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വച്ചിരുന്ന പണം പോലും ഇയാള്‍ മോഷ്‌ടിച്ച്‌ മദ്യപിച്ചു. അടുത്തിടെ അശോകിന്‍റെ ആരോഗ്യനില മോശമായി. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മടക്കിയയച്ചു. ഈ മാസം ഒമ്പതിനാണ് അശോക് മരിച്ചത്.

അശോകിന്‍റെ മരണ വിവരം സഹോദരങ്ങളായ രാജുവും സ്വരൂപയും മറച്ചുവച്ചു. രണ്ട് ദിവസമാണ് അശോകിന്‍റെ മൃതദേഹം ഇവര്‍ വീട്ടില്‍ സൂക്ഷിച്ചത്. പണം ആവശ്യപ്പെട്ട് തങ്ങളെയും അമ്മയെയും ഉപദ്രവിച്ചിരുന്ന അശോകിനോട് രാജുവിനും സ്വരൂപയ്‌ക്കും ദേഷ്യമായിരുന്നു. മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്‍റെ കൈവശമുണ്ടായിരുന്നില്ല.

സംസ്‌കാരത്തിനായി അയല്‍ക്കാരുടെ സഹായം ചോദിക്കാന്‍ ബാലമ്മയുടെ അമ്മ ഉപദേശിച്ചെങ്കിലും രാജുവും സ്വരൂപയും അതിന് തയ്യാറായില്ല. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ അവര്‍ അശോകിന്‍റെ ശരീരം മൂന്ന് കഷ്‌ണങ്ങളാക്കി. ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അശോകിന്‍റെ ശരീരം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു.

Advertisment