ഗുരുഗ്രാം: വീട്ടുജോലിക്കാരന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ വച്ച് നഗ്നദൃശ്യം പകര്‍ത്തിയെന്ന പരാതിയുമായി യുവതി. ഒരു ഏജന്‍സി വഴി വീട്ട് ജോലിക്കെത്തിയ ശുംഭംകുമാര്‍ എന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയത്. വീട്ടില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്ന പ്രതി യുവതി അറിയാതെ കിടപ്പുമുറിയില്‍ ഒളിക്യാമറ വയ്ക്കുകയായിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
വീട് വ്യത്തിയാക്കുന്നതിനിടെയാണ് യുവതി തന്‍റെ കിടപ്പുമുറിയില്‍ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇത് ചെയ്തത് പുതിയതായി വീട്ടില്‍ ജോലിക്കെത്തിയ ശുംഭുംകുമാറാണെന്ന് മനസിലാക്കുകയും ഇയാളെ വിളിച്ച് ചോദ്യം ചെയ്തതോടെ തന്‍റെ കൈവശം യുവതി വസ്ത്രം മാറുന്നതടക്കമുള്ള നഗ്നദൃശ്യങ്ങളുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും പോലീസിൽ അറിയിച്ചാൽ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി ശുംഭംകുമാറിനെ ഏജന്‍സിയില്‍ വിളിച്ച് പറഞ്ഞ് ജോലിയില്‍ നിന്നും മാറ്റിച്ചു.
എന്നാല്‍, ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ടതോടെ പ്രതി യുവതിയെ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തനിക്ക് രണ്ട് ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കില്‍ നഗ്ന ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.