ഇടുക്കി: തങ്കമണിക്കു സമീപം മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ യുവാവിനെ റോഡരികിലെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിയാർകണ്ടം കൊല്ലംപറമ്പിൽ അഭിജിത്താണ് മരിച്ചത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി. വ്യാഴാഴ്ച രാത്രി മുതലാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
ഇതോടെ കഴിഞ്ഞ ദിവസം അഭിജിത്തിന്‍റെ കുടുംബം തങ്കമണി പോലീസിൽ പരാതി നൽകി. എന്നാൽ, പോലീസ് നായയെ എത്തിച്ച് തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് നീലിവയൽ അമ്പലത്തിനു സമീപത്തു നിന്ന് അഭിജിത്തിന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. പിന്നീട് ഇന്നലെ രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ തങ്കമണി തമ്പുരാൻ കുന്നിൽ റോഡിനോട് ചേർന്നുള്ള സ്ഥലത്ത് അഭിജിത്തിന്‍റെ മൃതദേഹം കാണുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയതിനു സമീപം ഒരു വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ സ്നേഹത്തിലായിരുന്നു. വീട്ടുകാർ അറിഞ്ഞതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അഭിജിത്തിനെതിരെ പോക്സോ വകുപ്പടക്കം ചുമത്തി പോലീസ് കേസ് എടുത്തിരുന്നു. ഇതോടെ പെൺകുട്ടി അഭിജിത്തിൽ നിന്ന് അകന്നു. വ്യാഴാഴ്ച കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ പോയി വന്നശേഷമാണ് അഭിജിത്തിനെ കാണാതാകുന്നത്.
താൻ വിഷം കഴിച്ചതായി പെൺകുട്ടിയുടെ ഇപ്പോഴത്തെ സുഹൃത്തിനോട് അഭിജിത് വിളിച്ചു പറഞ്ഞിരുന്നു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹതയാരോപിച്ചതിനെത്തുടർന്ന് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരുമെത്തിയ ശേഷമാണ് ഇൻക്വസ്റ്റ് നടത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.