തൊടുപുഴ കരിമണ്ണൂരിൽ എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം; മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

author-image
neenu thodupuzha
New Update

തൊടുപുഴ: കരിമണ്ണൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് അസം സ്വദേശികള്‍  പിടിയില്‍. കാഞ്ഞങ്ങാട്ടുനിന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കരിമണ്ണൂര്‍ പോലീസ് ഇവരെ പിടികൂടിയത്.

Advertisment

publive-image

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  അസം നാഗോണ്‍ ജില്ലയില്‍ സിംലയ് പത്താര്‍ സ്വദേശികളായ ജിന്നറ്റ് അലി, തുമിറുള്‍ ഇസ്ലാം, അസീസുള്‍ ഹഖ് എന്നിവരാണ് പിടിയിലായത്. കരിമണ്ണൂര്‍ മേഖലയില്‍ ജോലിക്കെത്തിയവരാണ് പ്രതികള്‍.

publive-image

ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം. കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി.ടിവിയില്‍നിന്നു പോലീസിനു ലഭിച്ചിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

publive-image

11ന് പുലര്‍ച്ചെയാണ് കവര്‍ച്ചാശ്രമം നടന്നത്.  കാഞ്ഞങ്ങാട് താമസിച്ച് ജോലി അന്വേഷിച്ചുവരവെയാണ് പ്രതികളെ കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബി, എസ്.സി.പി.ഒ. സുനില്‍കുമാര്‍, സി.പി.ഒ മാരായ ടി.എ.ഷാഹിദ്, അജീഷ് തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കാഞ്ഞങ്ങാടുനിന്നും പ്രതികളുമായി പോലീസ് സംഘം കരിമണ്ണൂരിലേക്ക് തിരിച്ചു. ഇന്നുരാവിലെ കരിമണ്ണൂരിലെത്തിച്ചശേഷം വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പോലീസ് പറഞ്ഞു.

Advertisment