കാഞ്ഞിരപ്പള്ളി: ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍.
എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പില്‍ വീട്ടില്‍ അനൂപ് കുമാര്‍ (കണ്ണന-38), എരുമേലി അമരാവതി ഭാഗത്ത് ചെറുവള്ളിയില്‍ വീട്ടില്‍ അശോധ് (30), എരുമേലി അമരാവതി ഭാഗത്ത് പള്ളിക്കുന്നു വീട്ടില്‍ സുധീഷ് (37) എന്നിവരെയാണു കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്.
ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി. ഓപ്പറേറ്ററെയാണ് പ്രതികൾ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇയാള്‍ ഓടിച്ചിരുന്ന ജെ.സി.ബി. മറ്റൊരു ടൂറിസ്റ്റ് ബസുമായി ഉരയുകയും വണ്ടിയില്‍ നിന്ന് ഇറങ്ങി ടൂറിസ്റ്റ് ബസ് ഡ്രൈവറോട് സംസാരിക്കുന്നതിനിടയില്‍ ഇതിന്റെ പിന്നിലായി വന്ന മറ്റൊരു ടൂറിസ്റ്റ് ബസില്‍ നിന്നും യുവാക്കള്‍ പുറത്തിറങ്ങുകയും ജെ.സി.ബി. ഓപ്പറേറ്ററെ ആക്രമിക്കുകയുമായിരുന്നു.
ഇയാളുടെ പരാതിയെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവര്‍ മൂവരെയും പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനൂപ് കുമാറിനു മുണ്ടക്കയം സ്‌റ്റേഷനിലും കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്‍ എസ്.ഐ ഗോപകുമാര്‍,രഘുകുമാര്‍ ല്‍,സി.പി.ഓമാരായ ശ്രീരാജ്,വിമല്‍ സതീഷ് ചന്ദ്രന്‍,അഭിലാഷ്,അരുണ്‍ ബിനോയ് മോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.