ആലപ്പുഴ: താനൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളില്‍ വ്യാപക പരിശോധനയുമായി തുറമുഖ വകുപ്പും പോലീസും. റെയ്ഡില്‍ മൂന്ന് ബോട്ടുകള്‍ പിടിച്ചെടുത്തു.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിച്ചുവന്ന അഞ്ച് ബോട്ടുകള്‍ക്ക് നോട്ടീസ് നല്‍കി. ഈ ബോട്ടുകളുടെ ഉടമകള്‍ക്ക് 110000 രൂപ ഫൈന്‍ അടയ്ക്കാനാണ് നോട്ടീസ് നല്‍കിയത്. പിടിച്ചെടുത്ത ബോട്ടുകള്‍ നിയമപരമായ ഒരു രേഖയുമില്ലാത്തതായിരുന്നെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒമ്പത് ബോട്ടുകള്‍ പരിശോധിച്ചതില്‍ മൂന്ന് ബോട്ടുകള്‍ക്ക് നിയമവിധേയമായ യാതൊരുവിധ രേഖകളും ഇല്ലാത്തതിനാല്‍ സ്‌റ്റോപ് മെമ്മോ കൊടുക്കുകയായിരുന്നു. അഞ്ച് ബോട്ടുകളില്‍ ഡ്രൈവര്‍മാര്‍ക്ക് മതിയായ ലൈസന്‍സ് ഇല്ലായിരുന്നു.
പുന്നമടക്കായല്‍ കേന്ദ്രീകരിച്ച് ഓടുന്നവയില്‍ 60 ശതമാനം ഹൗസ് ബോട്ടുകള്‍ക്കും ലൈസന്‍സില്ലെന്നാണ് വിവരമെന്നും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.