മുട്ടം: മലങ്കര ജലാശയത്തില്‍ മീന്‍ പിടിക്കാക്കാനെത്തിയവരെ കമ്പിവടിക്ക് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. സംഭവത്തില്‍ ഒരാള്‍ ഒളിവിലാണ്.
മുട്ടം മഠത്തിപറമ്പില്‍ രാഹുല്‍ (29), കുമാരമംഗലം കുന്നേല്‍ വീട്ടില്‍ പ്രശാന്ത് (36), കോട്ടയം മീനച്ചില്‍ കൊണ്ടനാനിക്കല്‍ വീട്ടില്‍ രാജേഷ് (53) എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി മഠത്തിപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ഒളിവിലാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫൈബര്‍ വള്ളം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി എട്ടരയോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ ശങ്കരപ്പള്ളി ഭാഗത്ത് വള്ളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ പനയ്ക്കല്‍ ധനേഷ് (35), ധനേഷിന്റെ ജ്യേഷ്ഠന്റെ മകന്‍ അശ്വിന്‍ (16) എന്നിവര്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ധനേഷിന്റെ തലയ്ക്ക് പരുക്കേറ്റു. കമ്പിവടി കൊണ്ടുള്ള അടിയേറ്റ് അശ്വിന്റെ പുറത്തും പരുക്കേറ്റു.
ധനേഷിന്റെ വീടിന് മുന്നിലുള്ള ഭാഗത്ത് ഫൈബർ വള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു ധനേഷും അശ്വിനും. ഈ സമയം മറ്റൊരു വള്ളത്തില്‍ വന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ധനേഷ് മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന ഭാഗത്ത് മീന്‍പിടിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
ആക്രമണത്തില്‍ ധനേഷിന്റെ വള്ളം തകര്‍ന്നതായും മൊെബെല്‍ ഫോണ്‍, സ്വര്‍ണമാല എന്നിവ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.