തിരുവല്ല: കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ 12 വര്‍ഷക്കാലമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവല്ല സി.വി.പി. ടവേഴ്‌സ് ഉടമയായ തിരുവല്ല തുകലശേരി ചന്ദ്രവിരുത്തിയില്‍ സി.പി. ജോണാ(ബോബന്‍5- 9)ണ് പിടിയിലായത്. തിരുവല്ല കുരിശുകവലയിലെ സി.വി.പി. ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റുകള്‍ വിദേശ മലയാളികളടക്കം ഒന്നിലധികം പേര്‍ക്ക് വില്‍പ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി തവണ പോലീസ് പിടിയിലാകുന്ന സാഹചര്യമുണ്ടായിട്ടും വിദഗ്ധമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എറണാകുളം കളമശേരിയിലെ വാടക വീട്ടില്‍നിന്നും പ്രതിയെ പിടികൂടിയത്.
പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി സ്‌റ്റേഷനില്‍ എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുരിശുകവലയില്‍ പ്രവര്‍ത്തിക്കുന്ന സി.വി.പി. ടവറിലെ ഒരേ ഫ്‌ളാറ്റുകള്‍ മൂന്നും നാലും പേര്‍ക്ക് വിറ്റത് സംബന്ധിച്ചായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ തുടക്കം. 15 വര്‍ഷത്തിനു മുമ്പായിരുന്നു പരാതികളുണ്ടായത്. പരാതികളെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
തിരുവല്ല സിഐ ബി.കെ. സുനില്‍ കൃഷ്ണന്‍, സീനിയര്‍ സിപിഒ ഹക്കീംജി, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്, സിവില്‍ പോലീസ് ഡ്രൈവര്‍ പി. മാത്യൂ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫ്‌ളാറ്റിന്റെ പേരില്‍ പ്രതിയായ ബോബന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരായ വിദേശ മലയാളികളില്‍ പലരുടെയും പരാതി. ഇതിനിടെ പണം മടക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബോബന്‍ പരാതിക്കാരായ പലര്‍ക്കും നല്‍കിയ തുകയുടെ വണ്ടിച്ചെക്കും നല്‍കിയിരുന്നു.
ഇയാള്‍ക്കെതിരെ തിരുവല്ലയില്‍ എട്ട് കേസും കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് കേസും ചെങ്ങന്നൂരില്‍ ഒരു കേസും നിലവിലുണ്ട്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.