കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്തു കേസില്‍ പാക്കിസ്താന്‍ പൗരന്‍ സുബൈറിനെ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസറ്റ്ഡിയില്‍ വാങ്ങും. ഈയാഴ്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.ബി.സി.) കസ്റ്റഡി അപേക്ഷ നല്‍കും.
ഏതാനും ആരോഗ്യപരിശോധനകൂടി പൂര്‍ത്തിയാകാനുള്ളതു കൊണ്ടാണു കസ്റ്റഡി അപേക്ഷ വൈകുന്നത്. കപ്പല്‍ പിടിച്ചെടുത്ത പുറങ്കടല്‍ ഭാഗത്ത് എത്തിച്ചു തെളിവെടുക്കും. ഇയാള്‍ മയക്കുമരുന്നു കടത്തിയതു പാക്കിസ്ഥാനിലെ ലഹരിക്കടത്തുകാര്‍ക്കു വേണ്ടിയാണെന്നു വ്യക്തമായിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണു പാകിസ്ഥാന്‍ പൗരനായ സുബൈര്‍ ദേരഖ്ഷംദയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രതിക്ക് ഇംഗ്ലീഷ്, ഹിന്ദി, ബലുച്ചി അടക്കം അഞ്ചു ഭാഷകള്‍ അറിയാമെന്ന് എന്‍.സി.ബി. അറിയിച്ചു.
വലിയ തുക നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരിക്കടത്ത്. വിദേശത്തേക്കു ലഹരി കടത്താനായിരുന്നു ശ്രമമെന്നും എന്‍.സി.ബി. പറയുന്നു. ഏതുരാജ്യത്തേക്കു കടത്താനായിരുന്നു പദ്ധതി എന്നതു വ്യക്തമാക്കുന്നില്ല. കിഴക്കനേഷ്യയിലെ വിവിധ രാജ്യങ്ങളിലെ ഏജന്റുമാരാണു ഇവ ഓഡര്‍ ചെയ്തിരുന്നത്. എന്നാല്‍, ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പുതന്നെ പിടിയിലാകുകയായിരുന്നു. മുക്കിയ കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ നേവി ശ്രമം തുടങ്ങിയിട്ടുണ്ട്.
നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 25,000 കോടിയുടെ 2525 കിലോ മെത്താഫെറ്റമിനാണു പിടിച്ചെടുത്തിരുന്നത്. പ്രതിക്കൊപ്പം അഞ്ചിലധികം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.