തിരുവനന്തപുരം: സർവകലാശാല യൂണിയൻ ചെയർമാനാകാനായി ആൾമാറാട്ടം നടത്തിയ എസ്.എഫ്..ഐ. കാട്ടാക്കട ഏരിയാ കമ്മിറ്റി സെക്രട്ടറി എ. വിശാഖിനെ സി.പി.എമ്മിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇന്ന് ചേർന്ന സി.പി.എം. കാട്ടാക്കട ഏരിയാ കമ്മിറ്റിയാണ് വിശാഖിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
കാട്ടാക്കട ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു എസ്.എഫ്.ഐ. നേതാവായ എ. വിശാഖ്. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. പുറത്തുവന്ന വിവരം അതീവ ഗുരുതര സ്വഭാവത്തിലുള്ളതായതിനാൽ പ്രാഥമിക നടപടിയെന്ന നിലയിലാണ് വിശാഖിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശാഖിൽ നിന്ന് രേഖാമൂലം വിശദീകരണം തേടാനും ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. വിശദീകരണം ലഭിച്ച ശേഷം ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങി പുറത്താക്കൽ നടപടി സ്വീകരിക്കാനാണ് ധാരണ. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി ആൾമാറാട്ട വിവാദം ചർച്ച ചെയ്യും. ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിന് എതിരെ രൂക്ഷമായ വിമർശനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അടിയന്തിരമായി ഏരിയാ കമ്മിറ്റി ചേർന്ന് വിശാഖിനെ സസ്പെൻഡ് ചെയ്തത്.
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗമാണ് ആൾമാറാട്ട വിവാദത്തിൽ പ്രാഥമിക നടപടി എടുത്തത്. പാർട്ടിക്കും എസ്.എഫ്.ഐക്കും നാണക്കേട് ഉണ്ടാക്കിയ എ. വിശാഖിന് സസ്പെൻഷൻ മാത്രം പോര, പുറത്താക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്ന പൊതു ആവശ്യം.
യോഗത്തിൽ പങ്കെടുത്ത ആരും വിശാഖിനെ പിന്തുണച്ചില്ല. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയെ ഒഴിവാക്കി മത്സരിക്കുക പോലും ചെയ്യാത്ത എ. വിശാഖിന്റെ പേര് സർവകലാശാലയ്ക്ക് അയച്ച കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ആൾമാറാട്ടം നടത്തി യൂണിയൻ ചെയർമാനാകാനുളള നീക്കം വിശാഖിന് ഒറ്റയ്ക്ക് നടത്താനാകില്ലെന്നും പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടാവുമെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പ്രസ്ഥാനത്തിന് തീരാകളങ്കമണ്ടാക്കിയ സംഭവത്തിൽ പാർട്ടിയിൽ നിന്ന് സഹായം നൽകിയവരെ കണ്ടെത്തി നടപടി എടുക്കണമെന്നും ആവശ്യമുയർന്നു.
പ്രിൻസിപ്പലിന് എതിരെ നടപടി എടുക്കേണ്ടത് സർവകലാശാലയാണെന്ന് ചർച്ചക്ക് മറുപടി നൽകിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുത്തൻകട വിജയൻ മറുപടി നൽകി. പാർട്ടിയിൽ നിന്ന് ആരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം നാളെ ചേരുന്ന ജില്ലാ കമ്മിറ്റി പരിഗണിക്കുമെന്നും അദ്ദേഹം മറുപടി നൽകി.