മദ്യപിച്ചെത്തി വഴക്ക്; ഭാര്യയുടെ പരാതിയിൽ കുടുംബവഴക്ക് തീര്‍ക്കാനെത്തിയ പോലീസിനെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍, ഒടുവിൽ പോലീസിനെതിരെ പരാതിയുമായി ഭാര്യയും

author-image
neenu thodupuzha
New Update

പാമ്പാടി: കുടുംബവഴക്ക് തീര്‍ക്കാനെത്തിയ പോലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതിയെ അറസ്റ്റുചെയ്തു. പാമ്പാടി പോലിസിന്റെ പിടിയിലായ വെള്ളൂര്‍ പായിപ്ര സാം സ്‌കറിയയെ ഇന്നലെ തെളിവെടുപ്പിനെത്തിച്ചു.

Advertisment

പിടിവലിക്കിടയില്‍ പരുക്കേറ്റ പാമ്പാടി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ലോബോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ്ക്കുശേഷം വിശ്രമത്തിലാണ്.

കൊലപാതകശ്രമം, കുറ്റകരമായ നരഹത്യ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി 294 ബി, 333, 308, 325 വകുപ്പുകള്‍ പ്രകാരമാണ് സാമിനെ അറസ്റ്റുചെയ്തത്.

publive-image

സാം ഇതിനുമുമ്പും ക്രിമിനല്‍ സ്വഭാവമുള്ള നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതായി പാമ്പാടി പോലീസ് പറഞ്ഞു. ഇയാളെ എട്ടാം മൈലിലെ വീട്ടിലെത്തിച്ചു തെളിവെടുത്തശേഷം ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30നാണു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നുവെന്ന് ഭാര്യ ഫോണില്‍ പരാതിപ്പെട്ടതോടെയാണ് പോലീസ് ഇടപെടുന്നത്. സംഭവദിവസം രാത്രി 10.30 നു സാം വീട്ടിലെത്തിയ വിവരം ഭാര്യ വിനി അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നു. പോലീസും സാമുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ലോബോയ്(34)ക്കും സാമിനും മര്‍ദ്ദനമേറ്റു. ജിബിന്‍ ലോബോയുടെ മൂക്കിനും സാമിന്റെ ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു.

സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട സാമിനെ പിന്നീട് കണ്ടെത്തിയില്ലെന്നാണു പോലീസ് പറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സാം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നെന്നും രക്ഷപ്പെടാതിരിക്കാന്‍ പോലീസ് പുറത്ത് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും വിനി ബുധനാഴ്ച രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം വരെ പോലീസ് പറഞ്ഞത് സാമിനെ കണ്ടെത്തിയിരുന്നില്ലെന്നാണ്. ബുധനാഴ്ച രാത്രിയാണു അറസ്റ്റ് രേഖപ്പെടുത്തിയത്.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സാമിന് ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് സാമിന്റെ ഭാര്യ വിനി ജില്ലാ പോലീസ് ചീഫിനു പരാതിയും നല്‍കി.  കേസില്‍നിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു വിനിയുടെ ആരോപണം.

മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കാതെ സാമിനെ ബലപ്രയോഗത്തിലൂടെയാണു പോലീസ് അറസ്റ്റുചെയ്തതെന്ന് വിനി പറഞ്ഞു. ഇയാള്‍ക്കെതിരേ കടുത്തുരുത്തി സ്‌റ്റേഷനില്‍ കൊലപാതക കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.

Advertisment