തൊടുപുഴ: പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു മടങ്ങിയ താലൂക്ക് സര്‍വേയറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തൊടുപുഴ താലൂക്ക് സര്‍വേയറായ ഏനാനല്ലൂര്‍ അമ്പാട്ടുമോളയില്‍ അജിത പുരുഷോത്തമന്റെ 2,82,000 രൂപയുടെ 45 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് സ്വകാര്യ ബസില്‍ വച്ച് കവർന്നത്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു സ്ത്രീകളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് 15ന് മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു മടങ്ങിയപ്പോഴായിരുന്നു ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
ഉച്ചയ്ക്ക് 1.30ന് മങ്ങാട്ടുകവലയിലുള്ള സെന്‍ട്രല്‍ ബാങ്കില്‍ പോകുന്നതിനായി അജിത വെങ്ങല്ലൂര്‍ ഷാപ്പുംപടി ഭാഗത്തു നിന്നും സ്വകാര്യ ബസില്‍ കയറി കാഞ്ഞിരമറ്റം ജംഗ്ഷനിലിറങ്ങി. പിന്നീട് മങ്ങാട്ടുകവലയിലുള്ള ബാങ്കിലെത്തി ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനായി ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടമായെന്ന് മനസിലായത്. പിന്നീട് തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരക്കുള്ള ബസില്‍ കയറിയതിനാല്‍ ആഭരണങ്ങള്‍ കൈയില്‍ നിന്നും നഷ്ടമായെന്നാണ് ആദ്യം കരുതിയിരുന്നത്.
എന്നാല്‍, ഇവര്‍ നടത്തിയ പരിശോധനയില്‍ ചില കടകളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതില്‍ നിന്നും സംശയാസ്പദമായ നിലയില്‍ മാസ്‌ക് ധരിച്ചു നടന്നു പോകുന്ന മൂന്നു സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. ബസില്‍ നിന്നിറങ്ങിയ ഇവര്‍ തിരിഞ്ഞു നോക്കി വേഗത്തില്‍ നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ ഓട്ടോയിലാണ് നഗരത്തില്‍ നിന്നും പോയതെന്ന് വ്യക്തമായി.
ഓട്ടോയുടെ നമ്പര്‍ കണ്ടെത്തിയ പോലീസ് ഓട്ടോ ഡ്രൈവറെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ സ്ത്രീകളെ മുട്ടം ടൗണില്‍ ഇറക്കി വിട്ടതായി ഇയാള്‍ മൊഴി നല്‍കി. ഡിവൈഎസ്പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.