ന്യൂഡല്‍ഹി/കൊച്ചി:ജെല്ലിക്കെട്ട്, കാളയോട്ടം ഉള്‍പ്പെടെ മൃഗങ്ങളെ ഉപയോഗിച്ചുള്ള സാംസ്‌കാരിക വിനോദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അനുമതി നല്‍കി സുപ്രീം കോടതി. മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജികള്‍ നിരാകരിച്ച് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
സംസ്‌കാരത്തിന്റെ ഭാഗമായ ഇത്തരം കായികവിനോദങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മാണത്തിനു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ ഇടപെടാനില്ലെന്നു നിരീക്ഷിച്ചാണു നിര്‍ണായകവിധി. നിയമഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജി തള്ളി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജെല്ലിക്കെട്ടും കാളയോട്ടവും നടത്തുമ്പോള്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. മത്സരത്തിനിടെ മൃഗങ്ങളെ ഒരുതരത്തിലും പീഡിപ്പിക്കരുത്. ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ട ബാധ്യത ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കായിരിക്കും.
നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവം കാട്ടരുതെന്നും അഞ്ചംഗ ബെഞ്ചിനുവേണ്ടി വിധിപ്രസ്താവം വായിച്ച ജസ്റ്റിസ് അനിരുദ്ധ ബോസ് വ്യക്തമാക്കി. ഇരുവര്‍ക്കും പുറമേ ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ഹൃഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്, മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകളാണു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
ഈ കേന്ദ്രനിയമം ഭേദഗതി ചെയ്താണ് മൂന്നു സര്‍ക്കാരുകളും ജെല്ലിക്കെട്ടും കാളയോട്ട മത്സരവും നിയമവിധേയമാക്കിയത്. 2014-ല്‍ ജെല്ലിക്കെട്ട് നിരോധിച്ച സൂപ്രീം കോടതിവിധി മറികടക്കാനായിരുന്നു സംസ്ഥാനങ്ങളുടെ നിയമഭേദഗതി. ഇതിനെതിരേ മൃഗസ്‌നേഹികള്‍ കോടതിയിലെത്തുകയായിരുന്നു. ജെല്ലിക്കെട്ട് തനതു സാംസ്‌കാരിക അവകാശമാണെന്നായിരുന്നു സുപ്രീം കോടതി മുമ്പാകെ തമിഴ്‌നാടിന്റെ വാദം.