സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ്; പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിജിലന്‍സ് കുടുക്കി 

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രം ചുമതലയിലുള്ള ഡോക്ടര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ്. പരാതിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വിജിലന്‍സ് പരിശോധന നടത്തി. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ സഹീന്‍ ഷൗക്കത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്.

Advertisment

publive-image

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിജിലന്‍സ് കോട്ടയം യൂണിറ്റിന്റെ കീഴിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തി. ഹാജര്‍ റജിസ്റ്ററില്‍ ക്രമക്കേട് നടത്തി ഒപ്പിടുന്നതായും ആഴ്ചയില്‍ ബുധനാഴ്ചകളില്‍ മാത്രം ജോലിക്കെത്തുന്നു എന്നും വിജിലന്‍സ് കണ്ടെത്തി.

സഹിന്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന സ്വകാര്യ ആശുപത്രിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ രോഗിയെന്ന രീതിയില്‍ എത്തിയാണ് ഡോക്ടറെ കുടുക്കിയത്. ഡോക്ടറുടെ പേര് രേഖപ്പെടുത്തിയ ബോര്‍ഡ് അടക്കം സ്വകാര്യ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്ഥിരമായി പാമ്പാടുംപാറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ എത്താതെ വന്നതിനെത്തുടര്‍ന്നാണ് വിജിലന്‍സിന് നാട്ടുകാര്‍ പരാതി നല്‍കിയത്.

തുടര്‍ന്നാണ് വിജിലന്‍സ് കോട്ടയം യൂണിറ്റ് എസ്പി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ഷാജി എം. ജോസഫ്, ഉദ്യോഗസ്ഥരായ പ്രദീപ്, സ്റ്റാന്‍ലി, ബേസില്‍, സന്ദീപ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ കുടുക്കിയത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഡോക്ടര്‍ക്കെതിരെ വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വിജിലന്‍സ് റിപോര്‍ട്ട് നല്‍കുമെന്ന് കോട്ടയം വിജിലന്‍സ് യൂണിറ്റ് എസ്.പി അറിയിച്ചു.

Advertisment