ആലപ്പുഴ: ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസറെ സ്ഥലം മാറ്റി.
വി.കെ. വിജയലക്ഷ്മിയെയാണ് പാലക്കാട്ടേയ്ക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഭാഗ്യക്കുറി വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലിസിയാമ്മ ജോര്‍ജ് സം്‌സഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ക്രമക്കേടുകള്‍ നടക്കുന്നതായും ഉപഹാരങ്ങള്‍ വാങ്ങുന്നതായും പരാതി വ്യാപകമായിരുന്നു.
ഇത് സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം നല്‍കിയതെന്നാണ് അറിയുന്നത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.
നിലവില്‍ കോഴിക്കോട് ഓഡിറ്റിങ് വിങ് ഓഫീസില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറായി ജോലി ചെയ്യുന്ന പി. ക്രിസ്റ്റഫറെയാണ് ആലപ്പുഴയിലേക്ക് നിയമിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭാഗ്യക്കുറി ഓഫീസറായ കെ.എസ് ഷാഹിതയെ തൃശൂരിലേക്കും തൃശൂര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറായ പി.എ. ഷാജുവിനെ എറണാകുളത്തേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.