നമ്മൾ കൊച്ചു കുട്ടികളെ കളിപ്പിക്കാൻ വേണ്ടി കൈയിലെടുത്ത് മേലേക്ക് എറിഞ്ഞോ അല്ലെങ്കിൽ കുട്ടികളുടെ തല ഇരുവശത്തേക്കും കുലുക്കിയോ ശരീരം ഇളക്കിയും കുലുക്കിയും ചിരിപ്പിക്കാൻ ശ്രമിക്കാറില്ലേ. എന്നാൽ, ഇത്തരത്തിൽ ചെയ്യുമ്പോൾ കുട്ടികൾക്ക് അതു എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ടോ? അതിനാൽ ഇത്തരത്തിൽ ചെയ്യുന്നത് കുട്ടികൾക്ക് വളരെ ആപത്താണെന്നാണ് ശിശുരോഗ വിദഗ്ധർ പറയുന്നത്.
കുട്ടികളെ ലാളിക്കാം, കൊഞ്ചിക്കാം എന്നാൽ, അവർക്ക് അപകടകരമാകുന്ന രീതിയിലാകരുതെന്നു മാത്രം. അതിനാൽ കുഞ്ഞുങ്ങളോട് സ്നേഹം പ്രകടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. കൃത്യമായ ശ്രദ്ധയും പരിചരണവുമുണ്ടായാൽ മാത്രമെ കുട്ടിയുടെ വളർച്ച നല്ല രീതിയിൽ നടക്കുകയുള്ളൂ.
ചെറിയ കുട്ടികളെ എടുത്ത് കുലുക്കുമ്പോൾ അവർ നന്നായി ചിരിക്കുന്നത് കാണാം. എന്നാൽ, ഇത്തരത്തിൽ കുട്ടികളോട് ചെയ്യുമ്പോൾ അവരുടെ തലച്ചോറിനെ ഇത് സാരമായി ബാധിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, കുട്ടിയുടെ ആരോഗ്യത്തിനും ഇതു വളരെ ദോഷകരമാണ്. ഇത്തരത്തിൽ കുട്ടികളെ മുകളിലേക്ക് എറിഞ്ഞ് പിടിക്കുമ്പോൾ, കൈയിലെടുത്ത് കുലുക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെന്തെല്ലാമാണെന്ന് അറിയാം...
സംസാരത്തിന്റെയും വികാസത്തിന്റെയും കാലതാമസം, പഠന വൈകല്യങ്ങൾ, അന്ധത, സ്ഥിരമായ കേൾവിക്കുറവ്, സെറിബ്രൽ പാൾസി, അപസ്മാരം, പക്ഷാഘാതം തുടങ്ങിയവയ്ക്കും ഇതു കാരണമാകാം.
കുട്ടികളെ പിടിച്ചു കുലുക്കുന്നതിലൂടെയു ണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ ഷേകൺ ബേബി സിൻഡ്രോം എന്നാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇത് മൂലം അവരുടെ ശരീരത്തിൽ പ്രധാനമായും സംഭവിക്കുന്നത്.
കുഞ്ഞുങ്ങളുടെ തലച്ചോറും തലയോട്ടിയും പൂർണ വളർച്ചയെത്തിയിട്ടില്ലാത്തതും വളരെ മൃദുലവുമാണ്. തലച്ചോറ് തലയോട്ടിയിലേക്ക് പൂർണമായി ഘടിപ്പിക്കപ്പെട്ടിട്ടില്ല. കഴുത്തിലെ പേശികളും ശക്തി പ്രാപിച്ചിട്ടില്ല.
കുട്ടിയെ കൈയിലെടുത്തു കുലുക്കുമ്പോൾ, മുകളിലേക്ക് എറിയുമ്പോൾ കുട്ടിയുടെ തലച്ചോറിലെ ആന്തരിക കവചത്തിനുള്ളിൽ രക്ത മുഴയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് (രക്തം കട്ട പിടിച്ചുള്ള അവസ്ഥ).
കുട്ടിയെ ഇത്തരത്തിൽ കളിപ്പിക്കുമ്പോൾ പലപ്പോഴും കണ്ണിലെ രക്തക്കുഴലിന് പൊട്ടലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുണ്ടാകുമ്പോൾ കണ്ണിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത കൂടുന്നു.
കുട്ടികളെ എടുത്ത് മുകളിലേക്ക് എറിയുമ്പോഴോ അല്ലെങ്കിൽ തല കുടുക്കുകയോ ചെയ്യുമ്പോൾ കുട്ടിയുടെ തലച്ചോറിനുള്ളിൽ നീര് കെട്ടാനുള്ള സാധ്യത കൂടുതലാണ്. ബാഹ്യമായി ഒരു ലക്ഷണവും കാണില്ല. പലപ്പോഴും ഇത് മരണത്തിലേക്ക് വരെ എത്തിച്ചേക്കാം.