അമ്പലപ്പുഴയിൽ 26 വീടുകളില്‍ നിന്നും വാട്ടര്‍ മീറ്റര്‍ മോഷണം; രണ്ടു പേർ  അറസ്റ്റിൽ; സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും

author-image
neenu thodupuzha
New Update

അമ്പലപ്പുഴ: വീടുകളില്‍ നിന്നും വാട്ടര്‍ മീറ്ററുകള്‍ മോഷ്ടിച്ച സംഘം അറസ്റ്റില്‍. തോട്ടപ്പള്ളി ഒറ്റപ്പന മാമ്പറമ്പില്‍ അശ്വിന്‍ (18), കരൂര്‍ പുതുവല്‍ വിവേക് (20) എന്നിവരെയാണ് അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ മ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഒരു യുവാവ് കൂടി പിടിയിലായിട്ടുണ്ട്.

Advertisment

publive-image

അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ ഇരുപത്താറോളം വീടുകളിലെ വാട്ടര്‍ കണക്ഷനുകളിലെ മീറ്ററുകളാണ് പ്രതികള്‍ അറത്തുമാറ്റിയത്. സംഘം അര്‍ധരാത്രിക്ക് ശേഷം പഞ്ചായത്ത് റോഡുകള്‍ക്ക് സമീപമുള്ള വീടുകളില്‍ നിന്നും ബ്രാസ് നിര്‍മിത മീറ്റര്‍ ഹാക്‌സോ ബ്ലേഡിന് അറുത്തു മാറ്റുകയും ഇവ പിന്നീട് പല കഷണങ്ങളാക്കി വില്‍ക്കുകയുമാണ് ചെയ്തിരുന്നത്.

ഇങ്ങനെ ഇളക്കിയെടുക്കുന്ന ബ്രാസ് ഒന്നിന് 400 രൂപ വീതം ഇവര്‍ക്ക് ലഭിക്കുകയും ആക്രിക്കടയില്‍ നിന്നും ഇത്തരം 24 കിലോ ബ്രാസ് പോലീസ് സംഘം കണ്ടെടുക്കുകയും ചെയ്തു. മീറ്റര്‍ അറുത്തുമാറ്റിയാലും കുടിവെള്ളം ഒഴുകുന്നതിന് തടസമില്ലാത്തതിനാല്‍ മോഷണം നടന്ന വിവരം വീട്ടുകാര്‍ പലപ്പോഴും പിന്നീടാണ് അറിയുന്നത്.

ഇത്തരം പരാതികള്‍ നിരന്തരമായി വന്നതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പ്രായപൂര്‍ത്തി ആകാത്ത കുട്ടി ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ പടിഞ്ഞാറേ നടയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പാര്‍ട്‌സുകളാക്കി ഇളക്കി മാറ്റി വച്ചിരുന്നതും തെളിഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.ഐ ടോള്‍സണ്‍, സി.പി.ഒ അബൂബക്കര്‍ സിദ്ദീഖ്, സി.പി.ഒ ജോസഫ്, അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നാര്‍ക്കോട്ടിക് സ്‌ക്വാഡ് സി.പി.ഒ ബിനോയ്, സി.പി.ഒ രാജീവ് എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment