കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയായ യുവാവിനെ മയക്കുമരുന്ന് കുത്തിവെച്ച് കവർച്ച നടത്തുകയും ലൈംഗിക പീഡനത്തിന് വിധേയനാക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ.
കളമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനും പത്തനംതിട്ട അത്തിക്കയം പുത്തൻവീട്ടിൽ ഷിജിൻ പി ഷാജി (21), പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കത്തൊടി വീട്ടിൽ അനീഷ് ബാബു എംടി (24) എന്നിവരാണ് പിടിയിലായത്.
15ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം. മോട്ടോർസൈക്കിളിൽ എത്തിയ പ്രതികൾ വീടിന് പുറത്തുനിൽക്കുകയായിരുന്ന യുവാവിനോട് വെള്ളം ആവശ്യപ്പെടുകയായിരുന്നു.
വെള്ളമെടുക്കാൻ അകത്തേക്ക് പോകവെ യുവാവിനെ പ്രതികൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് യുവാവിന്റെ ശരീരത്തിലേക്ക് ഇഞ്ചക്ട് ചെയ്യുകയായിരുന്നു. തുടർന്ന് സ്വബോധം നഷ്ടപ്പെട്ട യുവാവിനെ പ്രതികൾ ഇരുവരും ചേർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതെല്ലാം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് വീഡിയോ കാണിച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലാതിരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചതിനുശേഷം പണം എതെങ്കിലും സുഹൃത്തുക്കളിൽ നിന്നും ഓൺലൈനായി കടം വാങ്ങുവാൻ ഭീഷണിപ്പെടുത്തി. എന്നാലിതും നടക്കാതെ വന്നതോടെ യുവാവിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ് എന്നിവയുമായി പ്രതികൾ കടന്നു കളഞ്ഞു. ബോധരഹിതനായി കാണപ്പെട്ട യുവാവിനെ വീട്ടുടമസ്ഥൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
യുവാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസിന്‍റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് പ്രതികൾക്ക് വേണ്ടി ഊർജിതമായി തിരച്ചിൽ ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.
പ്രതികളിൽ നിന്നും ലാപ്ടോപ്പ്, പേഴ്സ്, ദേഹോപദ്രവത്തിന് ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ചതിനും നിരവധി വാഹനം മോഷണ കേസുകളിലും പ്രതിയാണ് പിടിയിലായ അനീഷ് ബാബുവെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.