ഇടുക്കിയിലും തമിഴ്നാട്ടിലും മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; അന്തര്‍ സംസ്ഥാന സംഘം പിടിയില്‍

author-image
neenu thodupuzha
New Update

കട്ടപ്പന: ഇടുക്കി ജില്ലയിലെയും തമിഴ്നാട്ടിലെയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍.

Advertisment

കട്ടപ്പന കാഞ്ചിയാര്‍ പാലാക്കട പുത്തന്‍പുരയ്ക്കല്‍ റൊമാരിയോ (29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാര്‍(33), പേഴുംകവല, പ്രസീദ് ബാലകൃഷ്ണന്‍ (38), അണക്കര ചെല്ലാര്‍കോവില്‍ അരുവിക്കുഴി സിജിന്‍ മാത്യു (30) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.

publive-image

കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളില്‍ പ്രതികള്‍ വര്‍ഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണാഭരണങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവരികയായിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.  കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു.

കഴിഞ്ഞദിവസം ശ്യാംകുമാറിനെ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ കയ്യില്‍ കണ്ടെത്തിയ പതിനഞ്ചോളം വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പണയം വച്ച രസീതുകള്‍ പരിശോധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്യാം കുമാര്‍ കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി റൊമാരിയോ മുഖേന പല ആളുകളെക്കൊണ്ടും വ്യാജ സ്വര്‍ണം പണയം വപ്പിച്ചിട്ടുണ്ടെന്നു വ്യക്തമായി.

തുടര്‍ന്ന് റൊമാരിയയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോള്‍ തന്റെ പരിചയക്കാരനായ തട്ടാനെ കൊണ്ട് പെട്ടെന്ന് തിരിച്ചറിയാത്ത വിധം കനത്തില്‍ സ്വര്‍ണംപൂശിയ വ്യാജ സ്വര്‍ണമാണ് പണയം വയ്ക്കുന്നതെന്നും പെട്ടെന്നുള്ള പരിശോധനയില്‍ തിരിച്ചറിയാന്‍ പറ്റില്ല എന്നും പറഞ്ഞു. സ്വര്‍ണം പണയം വയ്ക്കാൻ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2000 രൂപ പ്രതിഫലം കൊടുക്കുകയും ബാക്കി തുക റൊമാറിയോ വാങ്ങിയെടുക്കുകയുമായിരുന്നു.

സ്വര്‍ണാഭരണം നിര്‍മിക്കുന്ന തട്ടാന് ഒരു ആഭരണം പണിയുമ്പോള്‍ 6500 രൂപ പ്രതിഫലമായി കൊടുക്കുമായിരുന്നു. ഇടുക്കിയില്‍ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളില്‍ നിലവില്‍ 25 ലക്ഷത്തോളം രൂപയുടെ വ്യാജ സ്വര്‍ണഭരണങ്ങള്‍ പണയം വെച്ചിട്ടുണ്ടെന്നും ഇയാള്‍ പോലീസിന് മുമ്പില്‍ മൊഴി നല്‍കി.

ഇനിയും കൂടുതല്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരുകയാണെന്നു കട്ടപ്പന ഡിവൈ.എസ്.പി. പറഞ്ഞു. എസ്.ഐ. സജിമോന്‍ ജോസഫ്, എസ്.സി.പി.ഒമാരായ സിനോജ്, ജോബിന്‍ ജോസ്, സി.പി.ഒ അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisment