പാലക്കാട്: മരം പിടിക്കാനെത്തിച്ച നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇടക്കുറിശി ശിരുവാണി കവലയ്ക്കു സമീപം തെങ്ങില്‍ തളച്ചിട്ട മുക്കം കൊളക്കാറ്റന്‍ സുബൈറിന്റെ 44 വയസുള്ള മഹാദേവന്‍ എന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.
ആനയുടെ മുന്‍കാലിലും ചെവിയുടെ മുന്‍ഭാഗത്തും കാട്ടാനയുടെ കുത്തേറ്റു. മഹാദേവന്റെ വലതു കൈയുടെ ഇരുഭാഗത്തും കൊമ്പ് കുത്തിയിറക്കി. കാലിന്റെ അസ്ഥിക്ക് നേരിയ പൊട്ടലുണ്ട്. ആഴത്തിലുള്ള മുറിവ് കാരണം നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആന.
പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനായ ചുള്ളിക്കൊമ്പനും പിടിയാനയും ആനക്കുട്ടിയും അടങ്ങിയ കൂട്ടമാണ് ആക്രമണം നടത്തിയത്. തമ്പുരാന്‍ ചോലയിലെ ജനവാസ മേഖലയിലൂടെ എത്തിയ കാട്ടാനക്കൂട്ടം തേലമല ജോബിന്‍ ജോണിന്റെ വീടിനു സമീപത്തുകൂടെയാണ് എത്തിയത്. അംഗന്‍വാടിക്കു സമീപം തളച്ചിരുന്ന മഹാദേവനെ കണ്ടതും കൊമ്പനാന ഓടിയടുത്ത് ആക്രമിച്ചതായി പാപ്പാന്മാര്‍ പറഞ്ഞു.
മഹാദേവനെ ചങ്ങല കൊണ്ടും കയറുകൊണ്ടും സമീപത്തെ തെങ്ങുകളില്‍ തളച്ചിരുന്നതിനാല്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായപ്പോള്‍ ഓടിമാറാന്‍ പോലും കഴിഞ്ഞില്ല. തെങ്ങില്‍ ചങ്ങല ആഴത്തില്‍ ഉരഞ്ഞ പാടില്‍ നിന്നും ആന രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് കരുതുന്നത്.
ആനയുടെ ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാരായ ജോസ്, ഷൗക്കത്ത്, മനു എന്നിവര്‍ ബഹളം വച്ചെങ്കിലും കാട്ടാനക്കൂട്ടം പോകാന്‍ കൂട്ടാക്കിയില്ല. ഉടനെ സമീപത്തെ ജോബിന്‍ ഫോറസ്റ്റുകാരേയും പോലീസിനേയും വിവരം അറിയിച്ചു. അവരെത്തി പടക്കം പൊട്ടിച്ചും ബഹളംകൂട്ടിയുമാണ് കാട്ടാനകളെ ഓടിച്ചത്. ആക്രമണത്തിന് ഇരയായ മഹാദേവന്‍ ഒറ്റക്കൊമ്പനാണ്.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ ആനക്കൂട്ടം പൂഴിക്കുന്ന്, കുറിഞ്ഞിപ്പാടം, പുതുക്കാട്, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേ കൊമ്പനാണ് കഴിഞ്ഞ മാസം മീന്‍വല്ലത്ത് വീടിനു സമീപത്തെത്തി സഞ്ചു മാത്യുവിനെ ആക്രമിച്ച് തുമ്പിക്കയില്‍ കോരിയെടുത്ത് എറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സഞ്ചു ഇപ്പോഴും വിശ്രമത്തിലാണ്. .