കല്‍പ്പറ്റ: കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മാനന്തവാടി കാട്ടിക്കുളം പനവല്ലി ചൂരംപ്ലാക്കല്‍ വീട്ടില്‍ ഉണ്ണിയുടെ മകന്‍ സി.യു. നന്ദു(19)വാണ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണമോഹന്‍ മെമ്മോറിയല്‍ ഐ.ടി.ഐ. വിദ്യാര്‍ഥിയായിരുന്നു. നന്ദു വീട്ടിലേക്ക് പോകാൻ സഹപാഠികൾക്കൊപ്പം ബസ് കാത്തിരിക്കെ ബസ് സ്റ്റോപ്പിന് തൊട്ടുപുറകിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ഷീറ്റ് തകര്‍ന്ന് തെങ്ങിന്‍തടി നന്ദുവിന്‍റെ തലയിലിടിച്ചാണ് ഗുരുതര പരിക്കേറ്റത്. സഹപാഠികള്‍ ഉടനെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെത്തുടർന്ന് വിദ്യാര്‍ഥിയെ മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തെങ്ങു വീണയുടൻ ബസ് സ്റ്റോപ്പിനു പുറത്തേക്കു തെറിച്ചു വീണതിനാൽ കൂടെയുണ്ടായിരുന്ന സഹപാഠികൾ രക്ഷപ്പെടുകയായിരുന്നു.