മലപ്പുറം: കിഴിശ്ശേരി സർക്കാർ ആശുപത്രിയിൽ വായ്പുണ്ണിന് ചികിത്സ തേടിയെത്തിയ യുവാവിന് നൽകിയത് കാൽമുട്ട് വേദനയ്ക്കുള്ള മരുന്ന്.
ഡോക്ടറുടെ നിർദേശപ്രകാരം ഓയിൽമെന്‍റ് വായിൽ പുരട്ടിയ കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി നടുവത്തിച്ചാലി ജംഷീർ അലിയെ ശിരീരിക അസ്വസ്ഥകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമണ്ണ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മരുന്ന് മാറി നൽകിയത്.
/sathyam/media/post_attachments/W0HJTPSkgfSSKSgSdgJy.jpg)
ഡോക്ടർ നിർദേശിക്കാത്ത മരുന്നാണ് ജീവനക്കാർ നൽകിയത്. ഈ മാസം 17നാണ് യുവാവ് കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയത്. ജനറൽ ഒ.പിയിൽ നിന്ന് ഡോക്ടർ രണ്ട് ഇനം ഗുളികകളും ഒരു ഓയിൻമെന്‍റും കുറിച്ചു നൽകി. ഓയിൻമെന്‍റ് വായിൽ പുരട്ടാനായിരുന്നു നിർദേശിച്ചത്. ശനിയാഴ്ച വരെ ഗുളിക കുടിക്കുകയും ഓയിൻമെന്‍റ് വായിൽ പുരട്ടുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി വയറു വേദന അനുഭവപ്പെടുകയും വായയിൽ മുറിവുണ്ടാകുകയും ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ കടുത്ത ക്ഷീണം, ശക്തമായ പനിയും വിറയലും അനുഭവപ്പെട്ട് ശരീരം തളർന്നു. തുടർന്ന്, കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വായിൽ പുരട്ടിയത് കാൽമുട്ട് വേദനയ്ക്കുള്ള മരുന്നാണെന്ന് കണ്ടെത്തിയത്.
യുവാവിന്‍റെ ബന്ധുക്കൾ കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ അറിയിച്ചെങ്കിലും എഴുതി നൽകിയ മരുന്ന് ശരിയാണെന്നും ഫാർമസി ജീവനക്കാർക്ക് നിന്ന് തെറ്റു സംഭവിച്ചതാകാമെന്നും ആയിരുന്നു മറുപടി. പുതിയ ജീവനക്കാരനാണ് മരുന്ന് നൽകിയതെന്നും അബദ്ധം സംഭവിച്ചതാകാമെന്നും കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സുബൈർ പറഞ്ഞു.
ആശുപത്രി ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഷീർ അലി ആരോഗ്യ മന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി.