പത്തനംതിട്ട: തിരുവല്ല കാരയ്ക്കലിൽ ഉടമസ്ഥർ വീട് അടച്ചിട്ട് വിദേശത്തേക്ക് പോയ തക്കം നോക്കി മോഷ്ടാക്കൾ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 5000 രൂപയും കവർന്നു.
പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കാരയ്ക്കൽ ശ്രീമാധവത്തിൽ മുരളീധരൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. മുരളീധരൻ പിള്ളയും ഭാര്യയും കഴിഞ്ഞ മാസം 30ന് കാനഡയിലുള്ള മകനെയും ഭാര്യയും സന്ദർശിക്കാൻ പോയിരിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം വീട്ടിലെ ചെടികൾക്ക് വെള്ളം ഒഴിക്കാനായി അയൽവാസി എത്തി ഗേറ്റ് തുറന്നപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിടപ്പുമുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധന സാമഗ്രികൾ എല്ലാം വാരി വലിച്ചിട്ട നിലയിൽ കണ്ടത്. മുരളീധരൻ പിള്ളയുടെ സഹോദരൻ നൽകിയ പരാതിയിൽ സമീപ വീടുകളിലെ സി.സി.ടിവി ക്യാമറകൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.