ആന്റി ഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളയൊന്നാണ് പാഷന്‍ ഫ്രൂട്ട്. ഒരുതരം പാഷന്‍ പുഷ്പത്തിന്റെ പാസിഫ്‌ലോറയുടെ ഫലമാണ് പാഷന്‍ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷന്‍ ഫ്രൂട്ടുകളുണ്ട്. പര്‍പ്പിള്‍, മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. വീടുകളില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നവരും കുറവല്ല.
കലോറി കുറഞ്ഞതും ഉയര്‍ന്ന തോതില്‍ നാരുകള്‍ ഉള്ളതുമായ ഫലമാണ് പാഷന്‍ ഫ്രൂട്ട്. മധുരം ചേര്‍ത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകളിത് കഴിക്കാറുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്‌ലേവിന്‍, കരോട്ടിനോയിഡുകള്‍, നിക്കോട്ടിനിക് ആസിഡ്, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ ഇവയുടെ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. വിത്തുകള്‍ ഭക്ഷ്യയോഗ്യമാണെന്നതിനാല്‍ ആര്‍ക്കുമിത് കഴിക്കാം.
വിത്തുകളില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖങ്ങളിലും കാലുകളിലുമുണ്ടാകുന്ന ഫംഗസ് അണുബാധകള്‍ സുഖപ്പെടുത്തുകയും ചെയ്യും. ഉയര്‍ന്ന അളവിലുള്ള നാരുകളും ഗ്ലൈസെമിക് ഇന്‍ഡക്സിലെ കുറവും കാരണം പ്രമേഹരോഗികള്‍ക്കും ഇതു കഴിക്കാവുന്നതാണ്. കലോറി കൂട്ടാതെ തന്നെ വയര്‍ നിറഞ്ഞതായി തോന്നിക്കുന്ന 'പെക്റ്റിന്‍' എന്നയിനം നാരുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ അടങ്ങിയ പഴമായതിനാല്‍ പാഷന്‍ ഫ്രൂട്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാത്തു സൂക്ഷിക്കാനും ചുവന്ന പാഷന്‍ ഫ്രൂട്ടിന്റെ വിത്തുകളും വിത്തിലെ ലയിക്കാത്ത നാരുകളും ഗുണം ചെയ്യും. ദഹനവ്യവസ്ഥയ്ക്കും കുടലിലെ നല്ല ബാക്ടീരിയകളെ സന്തുലിതമാക്കാനും വന്‍കുടലില്‍ കാന്‍സര്‍ വരാതിരിക്കാനും വിത്തുകള്‍ സഹായിക്കും.
അമിതമായ കൊഴുപ്പ് വര്‍ധിക്കുന്നത് തടയാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇവയ്ക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കും. മലബന്ധം, ഹെമറോയ്ഡ് എന്നിവയില്‍ നിന്നും ഇവ ശരീരത്തെ സംരക്ഷിക്കും.