മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ നിസാമുദ്ദി(43)നാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം.
/sathyam/media/post_attachments/yUmWkbdGzJwdJasxkE3E.jpg)
യുവതി കണ്ണൂരിലെ ചാലമാര്‍ക്കറ്റിൽ നിന്നും നിസാമുദ്ദീന്‍ കണ്ണൂരിലെ പള്ളിക്കുളത്തുനിന്നുമാണു ബസില്‍ കയറുന്നത്. യുവതിയുടെ തൊട്ടടുത്തായാണ് ഇയാളും ഇരുന്നത്. യുവതി ഉറക്കത്തിലായതോടെ ഇയാള്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോൾ പ്രതി യുവതിയോട് മാപ്പ് പറഞ്ഞു. എന്നാല്‍, ബസ് കോഴിക്കോട് പിന്നിട്ടതോടെ ഇയാള്‍ വീണ്ടും ശല്യം തുടങ്ങി.
ഇതോടെ യുവതി നിസാമുദ്ദീനെ അടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. കണ്ടക്ടറും യാത്രക്കാരും ഇടപെട്ട് ഇയാളെ സീറ്റില്‍ നിന്നും മാറ്റിയിരുത്തി. യുവതിയും യുവാവും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ കണ്ടക്ടര്‍ പോലിസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.
കണ്ടക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസ് വളാഞ്ചേരി കോഴിക്കോട് റോഡിലെ ബസ്സ് വെയിറ്റിങ് ഷെഡിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു