മുട്ടം: തൊടുപുഴ-ഈരാറ്റുപേട്ട റൂട്ടില്‍ വീണ്ടും അപകടം. ഞായര്‍ രാത്രി പതിനൊന്നു മണിയോടെ ഒരു കുടംബത്തിലെ അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് തൊടുപുഴ - ഈരാറ്റുപേട്ട റൂട്ടിലെ പഞ്ചായത്തുപടിക്കു സമീപം 25 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞത്. തേനി സന്ദര്‍ശനം കഴിഞ്ഞ് സ്വന്തം നാടായ ആലുവയിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പിഞ്ചു കുഞ്ഞുള്‍പ്പെടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റോഡ് സൈഡില്‍ സ്ഥാപിച്ചിരുന്ന ഡിെവെഡറും ആറുമാസം മുമ്പ് നടന്ന അപകടത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആറുമാസം മുമ്പായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ നിന്നും മാര്‍ത്താണ്ടത്തേക്ക് ലാറ്റക്‌സുമായി വന്ന നാഷ്ണല്‍ പെര്‍മിറ്റ് വാഹനം ഇതേ വളവില്‍നിന്നും കൊക്കയിലേക്ക് വീണത്.
അന്നത്തെ അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവറായ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. റോഡരികില്‍ സ്ഥാപിച്ചിരുന്ന ഡിെവെഡര്‍ തകര്‍ത്തുകൊണ്ടായിരുന്നു ലോറി കൊക്കയിലേക്ക് മറിഞ്ഞത്.
പിന്നീട് നാട്ടുകാരുടെയും മറ്റും പരാതിയിൽ റവന്യൂ - പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഡിെവെഡര്‍ ഉടന്‍തന്നെ പുന:സ്ഥാപിക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടികളുണ്ടായിട്ടില്ല.