കൊച്ചി: സാരിക്കു പകരം ചുരിദാറോ, സല്‍വാറോ ധരിക്കുന്ന വിധം വസ്ത്രധാരണ രീതി പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലേറെ വനിതാ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തു നല്‍കി.
നിലവിലെ ഡ്രസ് കോഡായ സാരിയും കോട്ടും ഗൗണും വൈറ്റ് കോളര്‍ ബാന്‍ഡും ധരിച്ച് വേനല്‍ച്ചൂടില്‍ കോടതി മുറികളില്‍ മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്നത് ദുരിതമാണെന്ന് ഇവര്‍ പറയുന്നു.
വായു സഞ്ചാരമില്ലാത്ത തിങ്ങിനിറഞ്ഞ കോടതിമുറികളില്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. സാരിക്കു പുറമേ സല്‍വാര്‍ ചുരിദാര്‍, നീളന്‍ പാവാട, പാന്റ്‌സ് എന്നിവ ധരിക്കാന്‍ അനുവദിച്ച് തെലങ്കാന ഹൈക്കോടതി അടുത്തിടെ വസ്ത്ര ധാരണരീതി പരിഷ്‌ക്കരിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ അറിയിച്ചു.