ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമുള്ള നാലമാസ സമയപരിധിക്ക് തുടക്കമായ ചൊവ്വാഴ്ച്ച ബാങ്കുകളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഏകീകൃത രൂപമുണ്ടായില്ല.
ചില ബാങ്കുകള്‍ അപേക്ഷാ ഫോമോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലാതെ തന്നെ നോട്ടുകള്‍ സ്വീകരിച്ചപ്പോള്‍ മറ്റു ചില ബാങ്കുകളില്‍ ഇവ രണ്ടും നിര്‍ബന്ധമാക്കി. 2000 രൂപ നോട്ട് മാറ്റിയെടുക്കാന്‍ അപേക്ഷാ ഫോമോ തിരിച്ചറിയല്‍ കാര്‍ഡോ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും നോട്ടുകള്‍ സ്വീകരിക്കാന്‍ പ്രത്യേക അപേക്ഷാഫോം തയാറാക്കിയിരുന്നു. തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടില്ല. എച്ച്എസ്ബിസിയും ഫെഡറല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും അക്കൗണ്ടില്ലാത്തവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. കൊഡാക്ക് മഹീന്ദ്ര അക്കൗണ്ടില്ലാത്തവരില്‍നിന്ന് പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വാങ്ങി.
ആക്‌സിസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ തിരിച്ചറിയല്‍ രേഖയോ അപേക്ഷാ ഫോമോ ആവശ്യപ്പെട്ടില്ല. അതേസമയം പല ബാങ്ക് ശാഖകളും നോട്ട് മാറ്റിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുണ്ട്.