കോഴിക്കോട്: ആനയെ ഭീകര ജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി വിശേഷിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ നിതിന്‍ സിങ് വി സമര്‍പ്പിച്ച നിവേദനത്തിലാണ് നടപടി.
കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങള്‍ ആനകളുടെ സ്വഭാവ സവിശേഷതകള്‍ക്ക് ചേരുന്നതല്ലെന്ന് നിവേദനത്തിലുണ്ട്. ഇത്തരം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും വനം മന്ത്രാലയത്തിനു വേണ്ടി എലിഫെന്റ് പ്രോജക്ട് അധികൃതര്‍ കൈമാറിയ സര്‍ക്കുലറില്‍ പറയുന്നു. മലയാള മാധ്യമങ്ങളില്‍ സമീപ കാലത്ത് ഇത്തരം പ്രയോഗങ്ങളും ഇരട്ടപ്പേരുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പും ഈ നിര്‍ദ്ദേശം നടപ്പാക്കും.