നാഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൾ പ്രിയ സോൺടാക്കെ(35)യാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പെട്രോൾ പമ്പ് ഉടമയാണ് കൊല്ലപ്പെട്ട ദിലീപ്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകുകയായിരുന്നു.
കൊലപാതകത്തിന് ശേഷം 1.34 ലക്ഷം രൂപയും കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ആദ്യം കവർച്ചാ ശ്രമത്തിനിടയിലുള്ള കൊലപാതകമെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ മകൾക്ക് പങ്കുള്ളതായി സംശയിക്കുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം തെളിയുകയുമായിരുന്നു.
പിതാവിന്റെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത അമ്മയെ ഇയാൾ നിരന്തരം മർദ്ദിച്ചതിനെത്തുടർന്നാണ് മകൾ ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത്. മൂന്നംഗ സംഘത്തിന് പ്രതിഫലമായി അഞ്ച് ലക്ഷവും നൽകി. ഷെയ്ഖ് അഫ്രോസ്, മുഹമ്മദ് വസീം, സുബൈർ ഖാൻ എന്നിവരെയാണ് പ്രതി വാടകയ്ക്കെടുത്തത്. മെയ് 17ന് രാത്രി പമ്പിൽ പണമെണ്ണുന്നതിനിടെ കുതിച്ചെത്തിയ സംഘം തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയും ദിലീപിനെ കുത്തുകയുമായിരുന്നു. തുടർന്ന് പണവുമായി സ്ഥലം വിട്ടു.
നാഗ്പൂരിലുള്ള യുവതിയുമായി ഇയാളുടെ ബന്ധം ഭാര്യ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ ഭാര്യയെ പതിവായി മർദ്ദിക്കുകയും പമ്പും വീടും സ്ഥലവും ഇയാളുടെ പേരിലാക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് മകൾ അച്ഛനെ കൊല്ലാൻ പദ്ധതിയിട്ടത്.